Connect with us

Kerala

വിവാദ കശ്മീര്‍ പരാമര്‍ശം; കെ ടി ജലീലിനെതിരെ പോലീസ് കേസ്

പത്തനംതിട്ട കീഴ് വായ്പ്പൂര്‍ പോലീസാണ് കെ ടി ജലീലിനെതിരെ കേസെടുത്തത്

Published

|

Last Updated

പത്തനംതിട്ട |  വിവാദമായ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ പോലീസാണ് കെ ടി ജലീലിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് നേതാവിന്റെ ഹരജിയില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ പോലീസിനോട് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.

കെ ടി ജലീല്‍ ഇന്ത്യന്‍ പൗരനായിരിക്കെ രാജ്യത്ത് നിലവിലുള്ള ഭരണഘടനയെ അപമാനിക്കണമെന്നും രാജ്യത്ത് കലാപമുണ്ടാക്കണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി ഓഗസറ്റ് 12ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ കീഴിലുള്ള ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരെന്നും അയല്‍ രാജ്യമായ പാകിസ്താന്‍ ബലപ്രയോഗത്തിലൂടെ കൈയടക്കി വച്ചിരിക്കുന്ന കശ്മീര്‍ ഭാഗങ്ങളെ ആസാദ് കശ്മീര്‍ എന്നും പ്രകോപനപരമായി വിശേഷിപ്പിച്ച് ഭരണഘടനയെ അപമാനിക്കുന്ന തരത്തില്‍ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിച്ച് പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്.

വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി കുറിപ്പിലെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുന്നതായും കെ ടി ജലില്‍ വ്യക്തമാക്കിയിരുന്നു

 

Latest