thiruvananthapuram corporation
വിവാദ കത്ത്: തിരുവനന്തപുരം കോർപറേഷൻ പ്രത്യേക കൌൺസിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി
അഴിമതി മേയർ ഗോബാക്ക് എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷ അംഗങ്ങൾ മുഴക്കിയത്.
തിരുവനന്തപുരം | കോർപറേഷന് കീഴിലുള്ള തൊഴിലുകളിലേക്ക് പാർട്ടി അംഗങ്ങളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മേയർ ആര്യാ രാജേന്ദ്രൻ്റെ ലെറ്റർ പാഡിലുള്ള കത്ത് വിവാദമായതിനെ തുടർന്ന്, വിളിച്ചുചേർത്ത പ്രത്യേക കൌൺസിലിൽ ശക്തമായ പ്രതിപക്ഷ ബഹളം. ചെയറിൽ മേയർ ആര്യാ രാജേന്ദ്രൻ ഇരിക്കുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബാനറും പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി. അനുകൂല പ്ലക്കാർഡുമായി ഭരണപക്ഷ അംഗങ്ങളും രംഗത്തുണ്ട്.
ബി ജെ പി അംഗങ്ങൾ വലിയ ബാനറുമായാണ് നടുത്തളത്തിലിറങ്ങിയത്. അഴിമതി മേയർ ഗോബാക്ക് എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷ അംഗങ്ങൾ മുഴക്കിയത്. നമ്മൾ മേയറോടൊപ്പം എന്ന ബാനറാണ് ഭരണപക്ഷ അംഗങ്ങൾ മറുപടിയായി ഉയർത്തിയത്.
പ്രതിപക്ഷ അംഗങ്ങൾ മേയർക്ക് നേരെ കരിങ്കൊടിയും വീശി. ഡയസിന് അടുത്തുവെച്ചാണ് പ്രതിഷേധം. മേയർ അധ്യക്ഷയാകുന്ന പ്രത്യേക കൌൺസിലിൽ സംസാരിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ അറിയിച്ചിട്ടുണ്ട്. അതിനാൽ ഭരണപക്ഷ അംഗങ്ങൾ മാത്രമാണ് സംസാരിക്കുന്നത്. കത്ത് വ്യാജമാണെന്നാണ് മേയറുടെ വാദം.