Connect with us

National

വിവാദ പരാമര്‍ശം; കങ്കണയുടെ കാര്‍ തടഞ്ഞ് കര്‍ഷക പ്രക്ഷോഭകര്‍

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദ പ്രസ്താവനകള്‍ നടത്തിയ ബോളിവുഡ് നടി കങ്കണ റണാവതിന്റെ കാര്‍ പഞ്ചാബിലെ കിര്‍താര്‍പുര്‍ സാഹിബില്‍ വച്ച് കര്‍ഷക പ്രക്ഷോഭകര്‍ തടഞ്ഞു. കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ കങ്കണ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞുവച്ചത്. കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകരെ തീവ്രവാദികള്‍, ഖലിസ്ഥാനികള്‍, സാമൂഹിക വിരുദ്ധ പ്രവര്‍ത്തകര്‍ എന്നെല്ലാമാണ് ബി ജെ പിയുടെ കടുത്ത അനുയായിയായ കങ്കണ വിളിച്ചത്.

കര്‍ഷക പ്രക്ഷോഭം നടക്കുന്ന മേഖലയിലൂടെ അംഗരക്ഷകരോടൊത്ത് കടന്നുപോകുമ്പോഴാണ് കൊടികളും മുദ്രാവാക്യങ്ങളുമായി കര്‍ഷകര്‍ തടഞ്ഞത്. വനിതാ പ്രക്ഷോഭകരുമായി സംസാരിച്ച് ധാരണയില്‍ എത്തിയ ശേഷമാണ് കങ്കണക്ക് സംഭവ സ്ഥലത്തു നിന്ന് യാത്ര തുടരാനായത്. ആള്‍ക്കൂട്ടം തന്നെ തടഞ്ഞുവച്ച് അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ കങ്കണ ആരോപിച്ചു. ‘തനിക്ക് അംഗരക്ഷകരുടെ സുരക്ഷ ഉണ്ടായിരുന്നില്ലെങ്കില്‍ എന്തായിരുന്നു സംഭവിക്കുക? ഇവിടുത്തെ സാഹചര്യങ്ങള്‍ അവിശ്വസനീയമാണ്. ഞാനൊരു രാഷ്ട്രീയക്കാരിയാണോ? എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പെരുമാറ്റം?’- റണൗത് ചോദിച്ചു.

Latest