Connect with us

National

മുത്തലാക്ക് വിഷയത്തിൽ വിവാദ പരാമർശം; ആർഎസ്എസ് നേതാവിന് ഇടക്കാല ജാമ്യം

എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രഭാകർ നൽകിയ ഹർജി കോടതി അടുത്ത മാസം ഒൻപതിന് വാദം കേൾക്കും. 

Published

|

Last Updated

ബംഗളൂരു | മുത്തലാക്ക് വിഷയത്തിൽ വിവാദ പരാമർശം നടത്തിയ കർണാടകയിലെ ആർഎസ്എസ് നേതാവ് പ്രഭാകർ ഭട്ട് കല്ലട്കക്ക് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.  ഭട്ടിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രഭാകർ നൽകിയ ഹർജി കോടതി അടുത്ത മാസം ഒൻപതിന് വാദം കേൾക്കും.

മുസ്ലിം സ്ത്രീകൾക്ക് ‘സ്ഥിരം ഭർത്താവി’നെ നൽകിയത് നരേന്ദ്രമോദിയാണ് എന്നായിരുന്നു പ്രഭാകറിന്റെ വിവാദ പരാമർശം. ശ്രീരംഗപട്ടണത്ത് ആർഎസ്എസ് സംഘടിപ്പിച്ച സങ്കീർണയാത്രയിൽ സംസാരിക്കുമ്പോഴാണ് പ്രഭാകർ വിവാദ പരാമർശം നടത്തിയത്.

“അടുത്ത കാലം വരെ മുത്തലാക്ക് നിയമവിധേയമായിരുന്നു. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഇത് നിയമവിരുദ്ധമാക്കി. മുസ്ലിം പുരുഷന്മാർ ഇതിൽ അസന്തുഷ്ടരായിരിക്കും. എന്നാൽ മുസ്ലിം സ്ത്രീകൾ തീർച്ചയായും ഇതിൽ ഏറെ സന്തുഷ്ടരാണ്. കാരണം അവർക്ക് സ്ഥിരമായി ഒരു ഭർത്താവ് ഉണ്ട് എന്ന് പറയാൻ സാധിക്കുമായിരുന്നില്ല. പുരുഷന്മാർ പതിവായി മുത്തലാഖ് ചൊല്ലുന്നതിനാൽ അവർക്ക് എല്ലാ ദിവസവും പുതിയ ഭർത്താവിനെ സ്വീകരിക്കേണ്ടി വരുമായിരുന്നു. മുസ്ലിം സ്ത്രീകൾക്ക് സ്ഥിരമായി ഒരു ഭർത്താവിനെ നൽകിയത് നരേന്ദ്രമോദിയാണ്” – ഇതായിരുന്നു ആർഎസ്എസ് നേതാവിന്റെ വിവാദ പരാമർശങ്ങൾ.

പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെ സാമൂഹിക പ്രവർത്തകയായ നാസിയ നസീറാണ് പ്രഭാകറിനെതിരെ ശ്രീരംഗപട്ടണം പോലീസിൽ പരാതി നൽകിയത്. രണ്ട് വിഭാഗം ആളുകൾക്കിടയിൽ ശത്രുത ഉണ്ടാക്കൽ, മതപരമായ വികാരം വ്രണപ്പെടുത്തൽ, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Latest