National
കശ്മീര്‍ വിഷയത്തിലെ വിവാദ പ്രസംഗം; അരുന്ധതി റോയിയെ യു എ പി എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
കശ്മീര്‍ വിഷയത്തില്‍ 2010ല്‍ ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ രാജ്യവിരുദ്ധവും പ്രകോപനപരവുമായ പ്രസ്താവന നടത്തിയെന്നാണ് അരുന്ധതിക്കെതിരായ ആരോപണം.
ന്യൂഡല്‍ഹി | എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യു എ പി എ വകുപ്പു പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് അനുമതി നല്‍കിയത്.
2010ല്‍ ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ രാജ്യവിരുദ്ധവും പ്രകോപനപരവുമായ പ്രസ്താവന നടത്തിയെന്നാണ് അരുന്ധതിക്കെതിരായ ആരോപണം. കശ്മീര്‍ വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പ്രസ്താവന.
കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ നിയമ പ്രൊഫസര്‍ ഡോ. ഷെയിഖ് ഷൗക്കത്ത് ഹുസൈനെയും ഇതേ വകുപ്പ് ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനും ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്. യു എ പി എ നിയമത്തിലെ 45(1) വകുപ്പാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. അരുന്ധതിക്കും ഷൗക്കത്ത് ഹുസൈനിനും പുറമെ പരേതനായ ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ഡല്‍ഹി സമ്മേളനത്തിലെ അവതാരകനും പാര്‍ലിമെന്റ് ആക്രമണ കേസിലെ മുഖ്യ പ്രതിയുമായ എസ് എ ആര്‍ ഗിലാനി, വരവര റാവു എന്നിവരും പരിപാടിയില്‍ സംസാരിച്ചിരുന്നു.
കശ്മീരിലെ ആക്ടിവിസ്റ്റായ സുശീല്‍ പണ്ഡിറ്റ് ആണ് സി ആര്‍ പി സി 156 (3) വകുപ്പ് പ്രകാരം ന്യൂഡല്‍ഹിയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്. 2010 നവംബര്‍ 27നായിരുന്നു ഇത്. ഡല്‍ഹി സമ്മേളനത്തില്‍ സംസാരിച്ചവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.