National
വിവാദ പ്രസ്താവനകള്‍; ശശി തരൂരിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി
കൂടിക്കാഴ്ചക്കായി തരൂര്‍ സോണിയാ ഗാന്ധിയുടെ വസതിയിലെത്തി.

ന്യൂഡല്‍ഹി | മോദി, പിണറായി സ്തുതികള്‍ വിവാദമായതിനു പിന്നാലെ ശശി തരൂരിനെ കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ചക്കായി തരൂര്‍ സോണിയാ ഗാന്ധിയുടെ വസതിയിലെത്തി.
കേരളത്തില്‍ സി പി എം വികസനം നടപ്പാക്കിയെന്ന് പറഞ്ഞ തരൂര്‍ അമേരിക്കന്‍ പ്രസിഡന്റുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. തരൂരിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സുധാകരന്‍ തരൂരിനെ കണ്ട് സംസാരിക്കുകയും ചെയ്തു.
പിന്നീട് തരൂര്‍ തന്റെ പ്രസ്താവന മയപ്പെടുത്തി എഫ് ബിയില്‍ കുറിപ്പ് പോസ്റ്റ് ചെയ്‌തെങ്കിലും അടിസ്ഥാന നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ല. ഇത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി തരൂരിനെ നേരിട്ട് വിളിപ്പിച്ചത്.