Kerala
വിവാദ കല്ലറ പൊളിച്ചു; ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും നിറച്ച് ഇരിക്കുന്ന നിലയില്‍ മൃതദേഹം
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി പൊളിച്ചപ്പോള്‍ കല്ലറയില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുത്തു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
മൃതദേഹം ഗോപന്‍ സ്വാമിയുടേതാണോ എന്ന് ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ കണ്ടെത്താനാവൂ എന്നു പോലീസ് പറഞ്ഞു. ആദ്യഘട്ടത്തില്‍ കുടുംബത്തിന്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളതെന്നാണ് വിവരം. കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. നെഞ്ചു വരെ പൂജാസാധനങ്ങള്‍ നിറച്ച നിലയിലാണ് മൃതദേഹം കാണുന്നത്.
നിലവില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള പൊലീസ് സര്‍ജന്‍ അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഇന്നു രാവിലെ കല്ലറ പൊളിക്കാന്‍ പോലീസും സംഘവും സ്ഥലത്തെത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കലക്ടര്‍ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്.