mujahid conference
വിവാദങ്ങളിൽ നിറംമങ്ങി മുജാഹിദ് സമ്മേളനത്തിന് സമാപനം
ഓങ്ങി നിൽക്കുന്ന മഴുവിന് താഴെ കഴുത്ത് നീട്ടരുതെന്ന് മുഖ്യമന്ത്രി
കോഴിക്കോട് | വിവാദങ്ങളിൽ നിറംമങ്ങി മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് സമാപനം. മഴു ഓങ്ങി നിൽക്കുന്നുണ്ടെന്നും അതിന് താഴെ ചെന്ന് കഴുത്ത് നീട്ടിക്കൊടുക്കരുതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശമാണ് സമ്മേളന വേദിയിൽ അവസാനമായി ഉയർന്നത്. സംഘ്പരിവാർ ആശയങ്ങൾ ഭരണതലത്തിൽ നടപ്പാക്കുന്നത് കാണാതിരിക്കരുതെന്നും വർഗീയത തിരിച്ചറിയാതിരിക്കുന്നത് സ്വയം ആപത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. എതിർക്കേണ്ടതിനെ എതിർത്ത് തന്നെ മുന്നോട്ട് പോകണം. തലേ ദിവസം മുജാഹിദ് അനുഭാവിയും മുസ്‌ലിം ലീഗ് എം എൽ എയുമായ പി കെ ബശീർ നടത്തിയ പരാമർശത്തിന്റെ ചുവട് പിടിച്ചായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്. ചിലരൊക്കെ അധികാരത്തിൽ ഉള്ളപ്പോൾ സമ്മേളനത്തിന് ക്ഷണിക്കേണ്ടിവരുമെന്നും എന്നാൽ, ഞമ്മളെ കാര്യം പറയാൻ “ഞമ്മള്’ തന്നെയേ ഉണ്ടാവുകയുള്ളൂവെന്നുമുള്ള ബശീറിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി രൂക്ഷമായാണ് വിമർശിച്ചത്.
ആരാണീ ഞമ്മൾ? ഇന്ന് ഉയർന്നുവരുന്ന ഭീഷണിയെ ഞമ്മള് എന്ന ഒരു വിഭാഗത്തിന് മാത്രമായി നേരിടാൻ കഴിയുമോ? സ്വയം കുഴിയിൽ ചെന്ന് വീഴരുത്. മത നിരപേക്ഷത ഉയർത്തിപ്പിടിച്ച് എല്ലാവിഭാഗവും കൂടി ഫാസിസത്തെ ചെറുക്കുകയാണ് വേണ്ടത്. അതിലൂടെയേ മതസംരക്ഷണം ഉണ്ടാകൂവെന്ന് സ്വയം തിരിച്ചറിയണം. അല്ലെങ്കിൽ ആപത്തിലേക്ക് വീഴും. സമൂഹത്തിന് മുന്നിൽ തെറ്റായ ഒരു ചിത്രം വരച്ചുകാട്ടുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുജാഹിദ് നേതാക്കളെ കമ്മ്യൂണിസ്റ്റുകാർ ഏതെങ്കിലും സമ്മേളനത്തിലേക്ക് വിളിച്ചിട്ടുണ്ടോയെന്ന് തുടങ്ങുന്നതായിരുന്നു ബശീറിന്റെ പ്രസംഗം. ഇല്ലായെന്ന് പറയാൻ കഴിയും. എന്നാൽ, ഞാനും കൂടി അംഗമായ മുജാഹിദ് പ്രസ്ഥാനം അവരെയൊക്കെ വിളിച്ചു. അധികാരത്തിൽ ഉള്ളപ്പോൾ ചിലരെയൊക്കെ അങ്ങനെ വിളിക്കേണ്ടി വരും. അതൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാൽ, ഞമ്മക്ക് ഞമ്മള് തന്നെയേ ഉണ്ടാവുള്ളൂ. ഒരു ബാപ്പയും ഉണ്ടാകൂല. അതിന്റെയുള്ളിൽ (നിയമസഭ) വർത്തമാനം പറയാൻ ഞമ്മളേ ഉണ്ടാവൂള്ളൂ. അതിന് നിങ്ങൾ വോട്ട് ചെയ്യുകയും വേണമെന്നും ബഷീർ പ്രസംഗിച്ചിരുന്നു. ഈ പരാമർശത്തേയാണ് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കൂടി വേദിയിൽ സന്നിഹിതനായിരിക്കെ മുഖ്യമന്ത്രി വിമർശിച്ചത്. കുഞ്ഞാലിക്കുട്ടിയെ കൂടി “വിശ്വാസത്തിലെടുത്തു’കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.
നവോത്ഥാന മൂല്യങ്ങൾക്ക് കോട്ടം വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. പരിഷ്‌കരണത്തിന് ഇറങ്ങിപ്പുറപ്പെട്ടവർ സ്വത്വത്തിലേക്ക് ചുരുങ്ങിപ്പോകുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മതരാഷ്ട്ര വാദികളെ അകറ്റി നിർത്തണം. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കഴിയണമെന്നും സമ്മേളനത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
കഴിഞ്ഞ നാല് ദിവസമായി നടന്നുവരുന്ന സമ്മേളനത്തിന്റെ തുടക്കം മുതൽ തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു. ആർ എസ് എസുമായുള്ള സംവാദം കൊണ്ട് അവരുടെ സമീപനത്തിൽ എന്തോ മാറ്റംവരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന് സംഘ്പരിവാറിനോടുള്ള ബന്ധം ചൂണ്ടിക്കാട്ടി വേദിയിലിരിക്കുന്ന മുജാഹിദ് നേതാക്കളോട് ജോൺ ബ്രിട്ടാസ് എം പി ഉയർത്തിവിട്ട ചോദ്യങ്ങളാണ് സമ്മേളനത്തെ കൂടുതൽ പ്രതിരോധത്തിലാക്കിയത്. ബിനോയ് വിശ്വവും കോൺഗ്രസ്സ് പ്രതിനിധിയും സമാന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു.
കൂടാതെ, സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെ എൻ എം നേതാക്കൾ അറിയിച്ച പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളും മുനവ്വറലി തങ്ങളും സമ്മേളനം ബഹിഷ്‌കരിച്ചതും കല്ലുകടിയായി. സ്വാദിഖലി തങ്ങൾ നേരത്തെ തന്നെ ക്ഷണം നിരസിച്ചിരുന്നു. ഇതുസംബന്ധിച്ച് മുജാഹിദ് നേതാക്കളുടെ രോഷവും പ്രകടമായിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിലേക്ക് അതിഥികളും പ്രഭാഷകരും വരുമ്പോൾ സമസ്തയുടെ അരമനകളിൽ നടക്കുന്ന ചർച്ചകളുടെ കാരണമെന്താണെന്ന് ഞങ്ങൾക്കറിയാമെന്ന് മുജാഹിദ് നേതാവ് ശരീഫ് മേലേതിൽ സമ്മേളനത്തിൽ
വ്യക്തമാക്കി.
ഹദീസ് നിഷേധം സംബന്ധിച്ച സെഷനിൽ നേതാക്കൾ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തിയതും ചർച്ചയായിട്ടുണ്ട്. സമാപന സമ്മേളനത്തിൽ കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പി കെ അഹ്്മദ്, പി വി അബ്ദുൽ വഹാബ് എം പി, ഡോ. ഫസൽ ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ വിമർശത്തിന് സദസ്സിന്റെ കരഘോഷം
കോഴിക്കോട് | പി കെ ബശീർ എം എൽ എക്ക് മുഖ്യമന്ത്രി നൽകിയ ശക്തമായ മറുപടിക്ക് മുജാഹിദ് സമ്മേളന സദസ്സിന്റെ കരഘോഷം. കഴിഞ്ഞ ദിവസം മുജാഹിദ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ ജോൺബ്രിട്ടാസ് എം പി നടത്തിയ പരാമർശത്തെയും സദസ്സ് കരഘോഷത്തോടെയാണ് എതിരേറ്റത്.
കൈയടിക്കെതിരെ പി കെ ബഷീർ എം എൽ എ ശനിയാഴ്ചത്തെ സമ്മേളനത്തിൽ സദസ്സിന് താക്കീത് നൽകിയെങ്കിലും ഇന്നലെയും സദസ്സ് കരഘോഷം ആവർത്തിച്ചു. ആരെങ്കിലും എന്തെങ്കിലും വന്ന് സ്റ്റേജിൽ പറയുമ്പോഴേക്ക് കൈ അടിക്കേണ്ടവരല്ല നമ്മളെന്നും നിലപാട് വേണമെന്നുമായിരുന്നു ബശീർ സദസ്സിനെ ഓർമിപ്പിച്ചിരുന്നത്.