Kerala
ക്ഷേത്രോത്സവത്തിലെ ഗസല്‍ പരിപാടിക്കിടെ സ്‌ക്രീനില്‍ ഡി വൈ എഫ് ഐ കൊടി തെളിഞ്ഞതില്‍ വിവാദം
ദേവസ്വം വിജിലന്‍സ് എസ് പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

കൊല്ലം | ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന അലോഷിയുടെ ഗസല്‍ പരിപാടിക്കിടെ വേദിയില്‍ തെളിഞ്ഞ ദൃശ്യങ്ങളില്‍ ഡി വൈ എഫ് ഐ കൊടി തെളിഞ്ഞത് വിവാദത്തില്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായുള്ള സംഗീത പരിപാടിയാണ് പരാതിക്കിടയാക്കിയത്.
സി പി എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയാണ് വഴിപാടായി സംഗീത പരിപാടി നടത്തിയത്. ഗസല്‍ ഗായകനായ കണ്ണൂര്‍ സ്വദേശി അലോഷി, സദസ്സില്‍ നിന്ന് ആവശ്യമുയര്‍ന്നതു പ്രകാരമാണ് പുഷ്പനെ അറിയാമോ എന്ന ഗാനം പാടിയത്. ഇതിനിടെ ഡി വൈ എഫ് ഐ കൊടിയുടെ ദൃശ്യം സ്‌ക്രീനില്‍ തെളിഞ്ഞു. അലോഷിയുടെ പാട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനമുയര്‍ന്നത്. എന്നാല്‍ സദസ്സില്‍ നിന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗായകന്‍ അലോഷി പാടിയെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം. മുന്‍പ് നവകേരള സദസ്സിന് വേണ്ടി ക്ഷേത്ര മൈതാനം വിട്ടു നല്‍കിയത് വിവാദം ആവുകയും കോടതി ഇടപെടല്‍ വന്നപ്പോള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.
സംഭവിച്ചത് ശരിയല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം വിജിലന്‍സ് എസ് പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അടയാളം പാടില്ലെന്ന് കോടതി നിര്‍ദ്ദേശമുണ്ട്. ഉപദേശക സമിതിക്ക് വീഴ്ച ഉണ്ടായി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.