Kerala
സപ്ലൈകോ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ സമ്മാനം നൽകുന്നത് വിവാദമാകുന്നു
സാമ്പത്തിക പ്രതിസന്ധിയിലും ഓണക്കിറ്റ് വിതരണം നടത്തും; റേഷന്‍ കടക്കാര്‍ക്ക് കമ്മീഷനില്ല
മട്ടാഞ്ചേരി | 2022ലെ ഓണക്കിറ്റ് വിതരണത്തിന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ വക സ്വര്‍ണം സമ്മാനമായി നല്‍കുന്നത് വിവാദമാകുന്നു. കുറ്റമറ്റരീതിയില്‍ ഓണക്കിറ്റ് വിതരണം നടത്തിയതിന് പ്രോത്സാഹനമായാണ് മാനേജര്‍മാര്‍ക്ക് ഒരു ഗ്രാം സ്വര്‍ണം സമ്മാനമായി വിതരണം ചെയ്യുന്നതെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്. അതിനിടെ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴുള്ള സ്വര്‍ണ സമ്മാന വിതരണത്തില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ കരിദിനമാചരിച്ചു.
ഈ മാസം 24ന് പുറപ്പെടുവിച്ച നോട്ടീസിലാണ് സ്വര്‍ണ സമ്മാനം വിതരണം ചെയ്യണമെന്ന നിർദേശം നല്‍കിയത്. സപ്ലൈകോയിലെ റീജ്യനല്‍ മാനേജര്‍ (ആര്‍ എം), ഏരിയ റീജ്യനല്‍ മാനേജര്‍ (എ ആര്‍ എം), ഡിപ്പോ മാനേജര്‍ (ഡി എം) എന്നിവര്‍ക്കും ഓണ സമ്മാന മഴ വിജയികള്‍ക്കുമാണ് സ്വര്‍ണ സമ്മാനം നല്‍കാന്‍ നിര്‍ദേശിച്ചത്. ഇതിനായി ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാല്‍, ഓണക്കിറ്റ് വിതരണം അവസാന ഘട്ടത്തില്‍ തടസ്സപ്പെട്ടതും ഒട്ടേറെ പേര്‍ക്ക് കിട്ടാതാകുകയും പിന്നീട് വിതരണം ചെയ്യാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് മറച്ചുവെച്ചാണ് സ്വര്‍ണസമ്മാന വിതരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
89 ലക്ഷം ഓണക്കിറ്റുകളാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് റേഷന്‍ കടക്കാര്‍ക്ക് കിറ്റ് വിതരണത്തിന് കമ്മീഷന്‍ നല്‍കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. കൊവിഡ് കാലത്ത് 2020 ജൂണ്‍ മുതല്‍ റേഷന്‍ കടകള്‍ വഴി സൗജന്യക്കിറ്റ് വിതരണം ചെയ്തതില്‍ കമ്മീഷന്‍ നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇപ്രകാരം 13 മാസത്തെ കമ്മീഷന്‍ കുടിശ്ശികയായിരിക്കെയാണ് സ്വര്‍ണ സമ്മാന വിതരണമെന്നതിനാലാണ് കടക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത്. കൂടാതെ, റേഷന്‍ ഉത്പന്ന വിതരണത്തിൻ്റെ കഴിഞ്ഞ ഡിസംബറിലെ കമ്മീഷന്‍ വിതരണവും നടത്തിയിട്ടില്ല. ഭരണാനുകൂല യൂനിയനടക്കം സര്‍ക്കാറിനെതിരെ രംഗത്തിറങ്ങിയിട്ടും റേഷന്‍ കമ്മീഷന്‍ വിതരണം നീണ്ടുപോകുകയാണ്.
സൗജന്യ കിറ്റ് വിതരണ കമ്മീഷന്‍ കുടിശ്ശിക ഉടന്‍ അനുവദിച്ചില്ലെങ്കില്‍ കോടതി ഉത്തരവ് ലംഘനത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് റേഷന്‍ കടയുടമകള്‍.