Connect with us

Ongoing News

അങ്കണ്‍വാടി ജീവനക്കാരെ സ്ഥലംമാറ്റിയതിലെ തര്‍ക്കം; കണ്ണൂര്‍ മൊറാഴയില്‍ പാര്‍ട്ടി സമ്മേളനം മുടങ്ങി

മൊറാഴ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് മുടങ്ങിയത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നാടും കണ്ണൂരില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രവുമാണ്‌ മൊറാഴ.

Published

|

Last Updated

കണ്ണൂര്‍ | സി പി എമ്മിന്റെ ശക്തികേന്ദ്രത്തില്‍ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനം മുടങ്ങി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നാടായ മൊറാഴയിലാണ് സംഭവം. മൊറാഴ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് മുടങ്ങിയത്. അങ്കണ്‍വാടി ജീവനക്കാരെ സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ട് നേതൃത്വവുമായുള്ള തര്‍ക്കമാണ് സമ്മേളനം മുടങ്ങാന്‍ ഇടയാക്കിയത്.

ഇന്നലെ രാവിലെയാണ് സമ്മേളനം നടക്കേണ്ടിയിരുന്നത്. എന്നാല്‍, 14 അംഗങ്ങളുള്ള ബ്രാഞ്ചില്‍ ഒരാള്‍പോലും സമ്മേളനത്തിനെത്താതെ മാറിനില്‍ക്കുകയായിരുന്നു.

അഞ്ചാംപീടിക പാര്‍ട്ടി ബ്രാഞ്ച് പരിധിയിലെ അങ്കണ്‍വാടിയില്‍ ഹെല്‍പര്‍ ഒരു വിദ്യാര്‍ഥിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഹെല്‍പറെയും വര്‍ക്കറെയും സ്ഥലംമാറ്റി. എന്നാല്‍, തെറ്റ് ചെയ്യാത്തയാളെ ഏറെ ദൂരത്തേക്ക് മാറ്റിയെന്ന ആരോപണമാണ് ബ്രാഞ്ച് കമ്മിറ്റിയും നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളിലേക്ക് നയിച്ചത്.

പ്രശ്‌നത്തില്‍ മേല്‍ കമ്മിറ്റികള്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്നാണ് ബ്രാഞ്ച് കമ്മിറ്റിയുടെ ആരോപണം.

 

Latest