Ongoing News
റോഡ് നിർമാണത്തിലെ അശാസ്ത്രീയതയെ ചൊല്ലി തർക്കം; യുവാവിന് ക്രൂര മർദനം
ഈ വിരോധമാകാം ആക്രമണത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.
തിരുവല്ല | തിരുവല്ല പടിഞ്ഞാറ്റേതറയിൽ റോഡ് നിർമാണത്തിലെ അശാസ്ത്രീയതയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മൂന്നംഗ സംഘം കാർ അടിച്ചുതകർത്ത ശേഷം യുവാവിനെ അതിക്രൂരമായി മർദിച്ചു. മർദനം തടയാനെത്തിയ സ്ത്രീകൾ അടക്കമുള്ളവരെ കൈയേറ്റം ചെയ്തു. കുറ്റൂർ പടിഞ്ഞാറ്റേതറ പാലത്തിങ്കൽ വീട്ടിൽ ബ്ലസന് (26) ആണ് പരുക്കേറ്റത്. സി പി എം കുറ്റൂർ ഈസ്റ്റ് എൽ സി സെക്രട്ടറിയും കുറ്റൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ അനൂപ് ഏബ്രഹാം, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി നിതീഷ്, ഡി വൈ എഫ് ഐ പ്രവർത്തനായ മോനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
കുന്നത്തുമൺ ജംഗ്ഷന് സമീപം രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. സഹോദരിയെ ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബ്ലസൻ സഞ്ചരിച്ച കാർ ആക്രമി സംഘം തടഞ്ഞു നിർത്തി. തുടർന്ന് കാറിന്റെ മുൻവശത്തെ ചില്ല് കല്ലുപയോഗിച്ച് അടിച്ചു തകർത്തു. ഇത് ചോദ്യം ചെയ്ത് കാറിൽ നിന്നും ഇറങ്ങിയ ബ്ലസനെ മൂവരും ചേർന്ന് മർദിക്കുകയായിരുന്നു. റോഡ് നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ജനകീയ സമിതി സ്ഥാപിച്ച ബോർഡും സംഘം അടിച്ചു തകർത്തു.
മർദനത്തിൽ സാരമായി പരുക്കേറ്റ ബ്ലസൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പടിഞ്ഞാറ്റോതറ കുന്നത്തു മൺ റോഡ് നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ബ്ലസൻ അടക്കമുള്ള പ്രദേശവാസികൾ ചേർന്ന് കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കോൺക്രീറ്റിംഗിന് മുന്നോടിയായി റോഡ് ഉയർത്തുന്നതിന് ക്വാറി മക്കിന് പകരം കമ്പിയും മറ്റും നിറഞ്ഞ കെട്ടിട വേസ്റ്റ് ഉപയോഗിച്ചതാണ് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരെത്തി പ്രവൃത്തി നിർത്തിവെപ്പിക്കുകയും കരാറുകാരന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ വിരോധമാകാം ആക്രമണത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം സംബന്ധിച്ച് ബ്ലസനും ജനകീയ സമിതിയും തിരുവല്ല പൊലീസിൽ പരാതി നൽകി.
---- facebook comment plugin here -----