Connect with us

religious conversion

മതം മാറ്റവും കോടതി ഭാഷയും

ജസ്റ്റിസ് ഗുപ്തയുടെ വീക്ഷണമാണ് ഭരണഘടനാ മൂല്യങ്ങളോട് പൊരുത്തപ്പെടുന്നത്. ഏത് മതം സ്വീകരിക്കണമെന്നത് വൈയക്തികമായ താത്പര്യമാണ്. ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അവകാശം മൗലികവും സ്വകാര്യതയുടെ ഭാഗവുമാണ്.

Published

|

Last Updated

നിര്‍ബന്ധിത പരിവര്‍ത്തനം തടയുകയെന്ന പേരില്‍ ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളൊന്നൊന്നായി മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിക്കൊണ്ടിരിക്കെ, ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. മതം മാറ്റം തടയുകയെന്നതിലുപരി രാഷ്ട്രീയ താത്പര്യങ്ങളാണ് മതം മാറ്റ നിരോധന നിയമത്തിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടക, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതിനകം മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയത്. രാജ്യത്തൊന്നാകെ മതപരിവര്‍ത്തനം ഭരണഘടനാവിരുദ്ധമായി വിധിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് അശ്വനി ഉപാധ്യായ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെയാണ് അശ്വനി ഉപാധ്യായയുടെ ഹരജിയെങ്കിലും അദ്ദേഹവും ബി ജെ പിയും ആരോപിക്കുന്നത് രാജ്യത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങളെല്ലാം നിര്‍ബന്ധിതമോ, കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലോ ആണെന്നാണ്. ഈ വാദത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നതാണ് അശ്വനി ഉപാധ്യായയുടെ ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ പരാമര്‍ശങ്ങള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനവും കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരുന്നും ഭക്ഷണ സാധനങ്ങളും സൗജന്യമായി നല്‍കി ആളുകളെ മതം മാറ്റുന്നതും ഗൗരവമേറിയതും അപകടകരവുമാണെന്നാണ് ജസ്റ്റിസ് എം ആര്‍ ഷാ അഭിപ്രായപ്പെട്ടത്. ഭരണഘടനാവിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നല്ലതു തന്നെയെങ്കിലും അവയുടെ ഉദ്ദേശ്യശുദ്ധി പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആനുകൂല്യങ്ങളോ സൗജന്യങ്ങളോ ലക്ഷ്യമാക്കിയല്ല, മറ്റു മതങ്ങളുടെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായാണ് ആളുകള്‍ അവയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതെന്നാണ് ജസ്റ്റിസ് ദീപക് ഗുപ്തയുടെ വീക്ഷണം. ഏതെങ്കിലും മതസംഘടന നടത്തുന്ന സ്ഥാപനങ്ങളില്‍ പഠനത്തിനോ ചികിത്സക്കോ എത്തുന്നവര്‍ പ്രസ്തുത സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി മതം മാറിയാല്‍ അതിലെന്താണ് അപാകതയെന്ന് അദ്ദേഹം ചോദിക്കുന്നു. ഭരണകൂടത്തിനോ ജുഡീഷ്യറിക്കോ അതിലെങ്ങനെ ഇടപെടാനാകും? നമ്മള്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നുണ്ടായിരിക്കാം. ഒരു മതത്തിലും വിശ്വാസമില്ലായിരിക്കാം. സര്‍ക്കാര്‍ അതറിയുകയോ അന്വേഷിക്കുകയോ ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറയുന്നു.
ജസ്റ്റിസ് ഗുപ്തയുടെ വീക്ഷണമാണ് ഭരണഘടനാ മൂല്യങ്ങളോട് പൊരുത്തപ്പെടുന്നത്. ഏത് മതം സ്വീകരിക്കണമെന്നത് വൈയക്തികമായ താത്പര്യമാണ്. ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അവകാശം മൗലികവും സ്വകാര്യതയുടെ ഭാഗവുമാണ്. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദത്തിലാണ് സ്വകാര്യതയെ (പുട്ടസ്വാമി കേസില്‍) സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉള്‍പ്പെടുത്തിയത്. ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനുള്ള അവകാശം മൗലികമാണെന്ന് ഹാദിയ കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആഗോള വ്യാപകമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളിലൊന്നുമാണ് മതം തിരഞ്ഞെടുക്കാനുള്ള അവകാശം.

വിശ്വാസം ഉടലെടുക്കുന്നത് ഹൃദയത്തില്‍ നിന്നാണ്. ഹൃദയം അറിഞ്ഞും ഉള്‍ക്കൊണ്ടുമുള്ള വിശ്വാസങ്ങള്‍ക്കു മാത്രമേ മതങ്ങള്‍, വിശിഷ്യാ ഇസ്‌ലാം സാധുത നല്‍കുന്നുള്ളൂ. ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കാത്ത കേവല ഭൗതിക താത്പര്യങ്ങള്‍ക്കായുള്ള മതവിശ്വാസത്തെയും മതപരിവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. അതേസമയം, ആരെങ്കിലും സാമ്പത്തിക നേട്ടമോ സ്ഥാനമാനങ്ങളോ ആഗ്രഹിച്ച് മതം മാറിയാല്‍ അത് ഭരണഘടനാ വിരുദ്ധവുമല്ല. ഐഹിക നേട്ടങ്ങള്‍ക്കായുള്ള നിലപാട് മാറ്റങ്ങള്‍ എക്കാലത്തും ഏത് സമൂഹത്തിലും ജനതയിലും ഉണ്ടായിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായതിനാല്‍ അത് തടയാനോ കുറ്റപ്പെടുത്താനോ കഴിയില്ല. എം എല്‍ എ പദവിയോ മന്ത്രിപദവിയോ മറ്റു ലാഭങ്ങളോ മോഹിച്ച് രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി മാറുന്നണ്ട്. അവസരവാദ രാഷ്ട്രീയം എന്ന് വിമര്‍ശിക്കുകയല്ലാതെ അതൊരു ഗുരുതര പ്രശ്‌നമായി സര്‍ക്കാറുകളോ ജുഡീഷ്യറിയോ ഇതുവരെ വിലയിരുത്തിയിട്ടില്ല. ഇതിനെ നിയമപരമായി നേരിടാന്‍ ആരും ഇതുവരെ മുന്നോട്ട് വന്നിട്ടുമില്ല. രാഷ്ട്രീയ ആദര്‍ശ വ്യതിയാനത്തിലില്ലാത്ത ഗൗരവവും അപകടവും എന്താണാവോ മതവിശ്വാസ മാറ്റത്തിലുള്ളത്?

മതപരിവര്‍ത്തന നിരോധനം ഹിന്ദുത്വ ഫാസിസത്തിന്റെ ഒരു മുഖ്യ അജന്‍ഡയാണ്. ഇത് സാധ്യമാക്കുന്നതിനുള്ള തന്ത്രം മാത്രമാണ് നിര്‍ബന്ധിത പരിവര്‍ത്തനം നടക്കുന്നുവെന്ന പ്രചാരണം. എന്നാല്‍ ഇന്ത്യയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്നാണ് 2021 ജൂണ്‍ അവസാനത്തില്‍ പ്രസിദ്ധീകരിച്ച പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വേ വ്യക്തമാക്കുന്നത്. രാജ്യത്ത് മതപരിവര്‍ത്തനം അപൂര്‍വം മാത്രമാണെന്നും മതപരിവര്‍ത്തനത്തിലൂടെ ഇന്ത്യയില്‍ നിലവില്‍ ഒരു മതവിഭാഗവും വളരുന്നില്ലെന്നും “ഇന്ത്യയിലെ മതം; സഹിഷ്ണുതയും വേര്‍തിരിവും’ എന്ന സര്‍വേ റിപോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല ഒരു കൂട്ടം ആളുകള്‍ സ്വന്തം മതം വിടുമ്പോള്‍ അതിനാനുപാതികമായ അളവില്‍ ആ മതത്തിലേക്ക് പുതിയ ആളുകള്‍ വരുന്നുണ്ടെന്നും സര്‍വേ റിപോര്‍ട്ട് പറയുന്നു. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ക്കും വസ്തുതാപരമായ കണക്കുകള്‍ക്കും നേരെ കണ്ണടച്ചാണ് ഒരു വിഭാഗം മതപരിവര്‍ത്തനത്തിനെതിരെ വാളോങ്ങുന്നത്. ജസ്റ്റിസ് ദീപക് ഗുപ്ത ചൂണ്ടിക്കാട്ടിയതു പോലെ ഇതിന്റെ പിന്നില്‍ കേവല രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമാണ്. ഇവരെ തുണക്കാന്‍ കോടതികളും ഒരുമ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. മതങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തികള്‍ക്ക് വിട്ടുകൊടുത്ത് അതില്‍ കൈകടത്താനുള്ള ഭരണകൂട ശ്രമങ്ങള്‍ക്ക് തടയിടുകയാണ് കോടതികള്‍ ചെയ്യേണ്ടത്.

Latest