Connect with us

National

പാചക വാതകം ചോര്‍ന്നുണ്ടായ സ്‌ഫോടനം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

സെയ്ദ് നാസിര്‍ പാഷ, ഭാര്യ കുല്‍സും, ഏഴ് വയസുകാരനായ മകന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Published

|

Last Updated

ബെംഗളുരു|ബെംഗളുരുവിലെ ഡിജെ ഹള്ളിയില്‍ പാചക വാതകം ചോര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. സെയ്ദ് നാസിര്‍ പാഷ, ഭാര്യ കുല്‍സും, ഏഴ് വയസുകാരനായ മകന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പൊള്ളലേറ്റ മൂവരും ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലെ ഗ്യാസ് സ്റ്റൗവിന്റെ റെഗുലേറ്ററിലൂടെ വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

പാചക വാതകം ചോരുന്ന കാര്യം അറിയാതെ കുടുംബാംഗങ്ങള്‍ വീട് പൂട്ടി പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ വീടിനുള്ളില്‍ പാചക വാതകത്തിന്റെ ഗന്ധമായിരുന്നു. സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണെന്ന് മനസിലാക്കിയ സെയ്ദ് നാസിര്‍ പാഷ, വാതകം പുറത്തേക്ക് കളയുന്നതിന് വേണ്ടി വീട്ടിലെ സീലിങ് ഫാന്‍ ഓണ്‍ ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമായത്. സ്വിച്ച് ഓണ്‍ ആക്കിയതോടെ വീട് മുഴുവന്‍ നിറഞ്ഞുനിന്നിരുന്ന പാചക വാതകം പൊട്ടിത്തെറിച്ച് തീഗോളമായി.

ഇവരുടെ അഞ്ച് വയസുള്ള മകള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ വീട്ടിലെ ഓട് തകര്‍ന്ന് ശരീരത്തില്‍ പതിച്ച് കുഞ്ഞിന് നിസാര പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അടുത്തുള്ള മൂന്ന് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.  അപകടത്തില്‍ ഡിജെ ഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

Latest