National
കൂനൂര്‍ അപകടം; ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തി
ചെന്നൈ | കൂനൂരില്‍ അപകടത്തില്‍ പെട്ട സൈനിക ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തി. ഇവിടെ പരിശോധന നടത്തുന്ന ഉന്നതതല സംഘമാണ് ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെടുത്തത്. സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. എന്താണ് അപകടത്തിനിടയാക്കിയത് എന്ന് മനസിലാക്കാന്‍ ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധന സഹായിക്കും. സുരക്ഷാ സംവിധാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള പാളിച്ചയുണ്ടായോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനയില്‍ അറിയാനാകും.
മി-എട്ട് ഹെലികോപ്ടറുകളുടെ റഷ്യന്‍ നിര്‍മിത സൈനിക-ഗതാഗത പതിപ്പാണ് എം ഐ-17വി5. സൈനിക വിന്യാസം, ആയുധ വിതരണം, അഗ്‌നിശമന സഹായം തുടങ്ങി വിവിധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അത്യന്താധുനിക ഹെലികോപ്ടറാണിത്. ഏത് പ്രതികൂല കാലാവസ്ഥയിലും സാഹചര്യങ്ങളിലും പ്രയാസം കൂടാതെ പറക്കാന്‍ മി-എട്ടിന് ശേഷിയുണ്ട്. മരുഭൂമിയില്‍ പോലും പറക്കാന്‍ ശേഷിയുള്ള കോപ്ടറാണിത്. സ്റ്റാര്‍ബോര്‍ഡ് സ്ലൈഡിംഗ് ഡോര്‍, പാരച്യൂട്ട് ഉപകരണങ്ങള്‍, സെര്‍ച്ച്‌ലൈറ്റ്, എമര്‍ജന്‍സി ഫ്‌ലോട്ടേഷന്‍ സിസ്റ്റം തുടങ്ങി നിരവധി സജ്ജീകരണങ്ങള്‍ ഇതിലുണ്ട്. പരമാവധി 13,000 കിലോഗ്രാം ആണ് ടേക്ക് ഓഫ് ഭാര ശേഷി. 36 സായുധ സൈനികരെ വഹിക്കാനും കഴിയും. ഗ്ലാസ് കോക്ക്പിറ്റ്, മള്‍ട്ടി ഫംഗ്ഷന്‍ ഡിസ്‌പ്ലേകള്‍, നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, ഓണ്‍ബോര്‍ഡ് വെതര്‍ റെഡാര്‍, ഓട്ടോ പൈലറ്റ് സിസ്റ്റം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. വലിയ ആയുധ പ്രഹര ശേഷി കൂടിയുള്ള കോപ്ടറിന്റെ സുപ്രധാന ഭാഗങ്ങള്‍ കവചിത പ്ലേറ്റുകള്‍ ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.
സ്‌ഫോടനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ധന ടാങ്കുകളില്‍ സംവിധാനം, ജാമര്‍, എന്‍ജിന്‍ എക്‌സഹോസ്റ്റ് ഇന്‍ഫ്രാറെഡ് സപ്രസറുകള്‍, ഫ്‌ലോര്‍സ് ഡിന്‍സ്‌പെന്‍സറുകള്‍ തുടങ്ങിയവയം കോപ്ടറിന്റെ സവിശേഷതകളില്‍ പെടുന്നു. 250 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കുന്ന കോപ്ടറിന് 580 കിലോമീറ്റര്‍ വരെയാണ് പരിധി. ആറായിരം മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്നതും മി- 17വി5-ന്റെ പ്രത്യേകതയാണ്. ഇത്രയൊക്കെ സംവിധാനങ്ങളുണ്ടായിട്ടും കോപ്ടര്‍ എങ്ങനെ അപകടത്തില്‍ പെട്ടുവെന്നത് ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.