National
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം: അട്ടിമറിയോ യന്ത്രത്തകരാറോ സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ന്യൂഡല്‍ഹി |സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 14 പേരുടെ മരണത്തിലേക്ക് നയിച്ച ഹെലികോപ്റ്റര്‍ അപകടത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അട്ടിമറിയോ, യന്ത്രതകരാറോ പൈലറ്റിന്റെ പിഴവോ കാരണമല്ല അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മേഘങ്ങള്‍ക്ക് ഉള്ളിലേക്ക് കയറിയത് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് വ്യോമസേന അന്വേഷണ കണ്ടെത്തലുകള്‍ ഔദ്യോഗികമായി പുറത്തുവിടുന്നത്.
ഡിസംബര്‍ 8ന് ഉച്ചയോടെയാണ് രാജ്യത്തെ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം 17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്