Kerala
കൂനൂര്‍ ഹെലികോപ്ടര്‍ അപകടം; അട്ടിമറിയല്ലെന്ന് റിപ്പോര്‍ട്ട്
എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കണ്ടെത്തല്‍.
ന്യൂഡല്‍ഹി | സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ ജീവനെടുത്ത കൂനൂര്‍ ഹെലികോപ്ടര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കണ്ടെത്തല്‍. അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും.
തമിഴ്‌നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിന്‍ റാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ആയിരുന്നു അപകടത്തില്‍ പെട്ടത്. മി-എട്ട് ഹെലികോപ്ടറുകളുടെ റഷ്യന്‍ നിര്‍മ്മിത സൈനിക-ഗതാഗത പതിപ്പാണ് എംഐ- 17വി5. സൈനിക വിന്യാസം, ആയുധ വിതരണം, അഗ്‌നിശമന സഹായം, പട്രോളിംഗ്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ദൗത്യങ്ങള്‍ തുടങ്ങി വിവിധോപയോഗ ഹെലികോപ്ടറാണിത്.