Connect with us

india- uae

യു എ ഇ- ഇന്ത്യൻ സർവകലാശാലകൾ തമ്മിൽ സഹകരണ ധാരണ

ധാരണ പ്രകാരം വിദ്യാർഥികളെയും അധ്യാപകരെയും പഠനകാര്യങ്ങൾക്കായി കൈമാറുന്നതിനും ഗവേഷണ സഹകരണത്തിനുമായാണ്  ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങൾ ഉദ്ദേശിക്കുന്നത്.

Published

|

Last Updated

ദുബൈ | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെയും യു എ ഇയിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ ധാരണയിലെത്തി. യു എ ഇയിലെ ദുബൈ യൂനിവേഴ്സിറ്റി (യു ഡി) ഇന്ത്യയിലെ ഐ ഐ ടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ ഐ എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്), സ്വയംഭരണ യൂനിവേഴ്സിറ്റികൾ എന്നിവയുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.

ധാരണ പ്രകാരം വിദ്യാർഥികളെയും അധ്യാപകരെയും പഠനകാര്യങ്ങൾക്കായി കൈമാറുന്നതിനും ഗവേഷണ സഹകരണത്തിനുമായാണ്  ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങൾ ഉദ്ദേശിക്കുന്നത്. ദുബൈ സർവകലാശാല  പ്രസിഡന്റ് ഡോ. ഈസ ബസ്തകിയും പ്രൊവോസ്റ്റും ചീഫ് അക്കാദമിക് ഓഫീസറുമായ പ്രൊഫ. ഹുസൈൻ അൽ അഹ്മദും ഇന്ത്യൻ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരിയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ. പ്രമുഖ ഇന്ത്യൻ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ  എം എ യൂസഫലി അടക്കമുള്ളവരും ചടങ്ങിൽ  സന്നിഹിതരായിരുന്നു.

ഉന്നത വിദ്യാഭ്യാസ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ ആദ്യമായാണ് ഇത്തരത്തിൽ പദ്ധതിക്ക് മുൻകൈ എടുക്കുന്നത്. ചരിത്രപരമായ ഈ പങ്കാളിത്തം യു എ ഇയും ഇന്ത്യയും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന് ഊർജം പകരും. പരസ്പര വളർച്ചക്കും നൂതനത്വത്തിനും പുതിയ അവസരങ്ങൾ മുന്നോട്ട് കൊണ്ടുവരുമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ ഇത്തരമൊരു  പദ്ധതി ആരംഭിച്ചതിൽ ദുബൈ യൂണിവേഴ്സിറ്റിയെ അഭിനന്ദിച്ച് ഡോ. അമൻ പുരി പറഞ്ഞു.

ആഗോള സമാധാനത്തിനായും ഉന്നതിക്കുമായും  ഇന്ത്യയെയും യു എ ഇ യുമാണ് ലോകം ഉറ്റുനോക്കുന്നതെന്ന് എം എ യൂസഫലി പറഞ്ഞു.  ഇന്ത്യ- യു എ ഇ ബന്ധത്തിന്റെ സുദീർഘമായ ചരിത്രത്തിലെ മറ്റൊരു കാൽവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest