Kerala
ആത്മഹത്യ ചെയ്ത നിക്ഷേപകന്റെ തുക തിരിച്ചുനല്‍കി സഹകരണ ബേങ്ക്
ചികിത്സയിലുള്ള മാതാവ് മരിച്ചു
തിരുവനന്തപുരം | നിക്ഷേപത്തുക തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിക്ഷേപകന്റെ മുഴുവന്‍ പണവും തിരികെ നല്‍കി ബേങ്ക് അധികൃതര്‍. ഇടുക്കി കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ നിക്ഷേപത്തുക പലിശയടക്കം 14,59,944 രൂപയാണ് കൈമാറിയത്.
ബേങ്ക് ബോര്‍ഡ് അംഗം കെ എം ചന്ദ്രന്‍, സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള സന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ സാബുവിന്റെ വീട്ടിലെത്തി തുക കൈമാറുകയായിരുന്നു. തുക പൂര്‍ണമായും കുടുംബത്തിന്റെ ഫെഡറല്‍ ബേങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
അതിനിടെ, നിക്ഷേപകന്‍ സാബു തോമസിന്റെ മാതാവ് അന്തരിച്ചു. കട്ടപ്പന പള്ളിക്കല മുളങ്ങാശേരില്‍ ത്രേസ്യാമ്മ(90) ആണ് മരിച്ചത്. ഒന്നര വര്‍ഷമായി സ്ട്രോക്ക് വന്ന കിടപ്പിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം.
മാതാവിന്റെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങള്‍ക്ക വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബേങ്കിനെ സമീപിച്ചത്.