Connect with us

Travelogue

കൂര്‍ഗ് താഴ്‌വരയും മെര്‍ക്കാറായിലെ കാപ്പിപ്പൂവും

ആ മുറിയുടെ ജനാല തന്നെ ചന്തമേറിയ മലഞ്ചെരിവിന്റെ പടിഞ്ഞാറുഭാഗത്തേക്ക് തുറന്നിരുന്നു. വിശാലമായ കൂർഗ് താഴ്‌വരയിലെ രാത്രിയും പകലും മാറിവരുന്ന കാഴ്ചകൾ വല്ലാതെ ത്രസിപ്പിച്ചിരുന്നു.രാത്രിയിൽ മണിക്കൂറുകൾ ഇടവിട്ട് നേർത്ത ചന്ദ്രികയുള്ള പുറം ലോകം കാണാൻ ആ ജനാലക്കരികിൽ നീങ്ങി നിന്നാൽ, അകലെ കുന്നിൽ ഒരു വാഹനക്കണ്ണ് തെളിയും. പ്രകാശത്തുള്ളി അടയുന്നതും മറ്റൊരു വളവിൽ വീണ്ടും തുറക്കുന്നതും കാണാം.

Published

|

Last Updated

കുടകിൽ നിന്നുള്ള ഒരു മടക്കയാത്രയുടെ ഓർമകളാണിവ. പുതിയതും പഴയതുമായ സുഖമുള്ള ഓർമകളെ കൂട്ടിയുള്ള ചിത്രീകരണമാണ്. മെർക്കാറയിലെ 39; എന്ന ഹോട്ടൽ മുറിയിലെ ചുവരിൽ കാപ്പിപ്പൂവും അതിൽ അമർന്ന ഒരു തേനീച്ചയുമുള്ള ഒരു പെയിന്റിംഗ് ഉണ്ടായിരുന്നു. ഇറങ്ങുന്ന നേരത്ത് അതിൽ വീണ്ടും നോക്കാതിരിക്കാനായില്ല. ആ മുറിയുടെ ജനാല തന്നെ വിശാലമായ മലഞ്ചെരിവിന്റെ പടിഞ്ഞാറുഭാഗത്തേക്ക് തുറന്നിരുന്നു. വിശാലമായ കൂർഗ് താഴ്‌വരയിലെ രാത്രിയിലും പകലും മാറിവരുന്ന കാഴ്ചകൾ വല്ലാതെ ത്രസിപ്പിച്ചിരുന്നു. രാത്രിയിൽ മണിക്കൂറുകൾ ഇടവിട്ട് നേർത്ത ചന്ദ്രികയുള്ള പുറം ലോകം കാണാൻ ആ ജനാലക്കരികിൽ നീങ്ങി നിന്നാൽ, അകലെ കുന്നിൽ ഒരു വാഹനക്കണ്ണ് കാണാം. പ്രകാശത്തുള്ളി അടയുന്നതും മറ്റൊരു വളവിൽ വീണ്ടും തുറക്കുന്നതും കാണാം. മലനിരകൾ മറഞ്ഞ് അകലെ നിന്നും മഞ്ഞുകടന്നെത്തുന്ന നായയുടെ കുര കേൾക്കാം.

മടക്കയാത്രയിൽ ഉടനീളം കാപ്പി ചിന്തകളുമായി ആ പെയിന്റിംഗ് കൂട്ടുവന്നതു മാതിരി. കാപ്പിപ്പൂവുകൾ അത്രക്കാണ് ജീവിതവുമായി ഇഴുകിക്കിടന്നിരുന്നത്. കാപ്പിമരങ്ങൾ പൂവിടുന്ന കാലത്താണ് മെർക്കാറയിൽ എത്തിയിരുന്നതെങ്കിൽ! അന്നാവണം അതീവ ചാരുതമായ പുറംകാഴ്ചകൾ ചൊരിയുന്ന ഈ മുറിയിൽ താമസിക്കേണ്ടിയിരുന്നത് എന്നു തോന്നിപ്പോയി. കിളികൾക്കൊപ്പം ചേർന്ന് ദിക്കാകെ തേനീച്ചകൾ മൂളിപ്പറക്കുമായിരിക്കാം. അങ്ങനെയെങ്കിൽ വിശാലമായ ആ ജനാലയിലൂടെ ലഭ്യമായ കാഴ്ചയിൽ കാപ്പിപ്പൂ മണം പരക്കുമായിരുന്നു. കാപ്പിയിൽ മുങ്ങിയ ദിനരാത്രങ്ങൾ! കാപ്പിപ്പൂവിന്റെ ഗന്ധം! അത് വാക്കിൽ തീർക്കാവുന്നതല്ല. പത്തിരുപത്തിയഞ്ച് വർഷങ്ങൾ കാപ്പികൾക്കു നടുവിലുള്ള വീട്ടിൽ താമസിച്ചതിന്റെ ഓർമ. ബാഗെടുത്ത് ഇറങ്ങുമ്പോൾ അതും കൂട്ടുവന്നിരുന്നു.

പ്രധാനപാതകൾ ഒഴിവാക്കി വൃത്തിയുള്ള തിരക്കില്ലാ വഴികളിലൂടെയുള്ള സഞ്ചാരമാണ് തീരുമാനിച്ചിരുന്നത്. ചുറ്റുപാടുകൾ, വഴികൾ, ജീവിതപരിസരങ്ങൾ അവയൊക്കെ വീക്ഷിച്ച് ഒരു സമാധാനയാത്ര.

കൂർഗിലെ വൃക്ഷജാലം, ദൃശ്യരൂപമെടുത്ത് വായുവിൽ തങ്ങി നിൽക്കുന്ന ഊഷ്മളമായ തണുപ്പ്, കിളികളുടെ മാത്രമല്ല ചീവീടുകളുടെയും ഒച്ചകളെ പ്രാപ്യമാക്കുന്ന നിശ്ശബ്ദമായ വഴികൾ. പിന്നെയോ പുകപുരണ്ട മാമലകൾ. അവ മാലകൾ പോലെ. കോടമഞ്ഞിന്റെ തൂവെള്ളച്ചേല ഇപ്പോൾ പരസ്പരം വലിച്ചുമാറ്റുന്നത് മലകൾ തന്നെയാണ്. ശ്രദ്ധിച്ചപ്പോൾ അതും മനസ്സിലായി. കയറിത്താമസിക്കാൻ കൊതിപ്പിക്കുന്ന വീടുകൾ എത്രയെത്രയാണ്. മുറ്റത്ത് പൂക്കൾ ചൂടിയ ഓടു മേഞ്ഞ കുഞ്ഞുകുഞ്ഞു ഭവനങ്ങളും അവയിലുൾപ്പെട്ടു.

വഴിയോരത്ത് ചില കാപ്പിമരങ്ങൾ തങ്ങളുടെ പഴഞ്ചുവടു കാട്ടിത്തന്നു. ഹോ. തടിയുടെ വണ്ണം. ഇതു തന്നെയായിരിക്കാം ഈ ദിക്കിലേക്ക് മലകയറി വന്നവർ ആദ്യമായി നട്ടുപിടിപ്പിച്ച കാപ്പിത്തോട്ടം. അങ്ങനെയും ഊഹിക്കുന്നതിൽ തെറ്റില്ല. അമ്മമാർ മക്കളുടെ കൈയിൽ പിടിച്ച് സ്‌കൂൾ വാഹനങ്ങൾ കാത്തുനിന്നു. തങ്ങൾ പോകുന്നത് കൊടുങ്കാട്ടിലൂടെയല്ല. തീർത്തും ജനവാസ മേഖലകളിലൂടെ. ചുറ്റിലും കാടും തോട്ടങ്ങളും ഉണ്ടെന്നു മാത്രം. അങ്ങനെ തീർത്തും സമാധാനയാത്ര.

ചെട്ടാലി പോസ്റ്റാഫീസ്

മംഗലാപുരം മൈസൂർ ഹൈവേയിൽ സൺ-ടി- കോപ്പയിലേക്ക് നീങ്ങാതെ ഗൂഗിൾപറഞ്ഞ കാട്ടുവഴിയിലൂടെ വാച്ചിനും സമയത്തിനും അമിത പ്രസക്തിയില്ലാതെ വണ്ടി കുറെയോടി. സിദ്ധാപുരത്തിനു മുന്നേയുള്ള ചെട്ടാലി പോസ്റ്റാഫീസിനു മുന്നിലെത്തി. അതു പഴയ രീതിയിലുള്ള ഓടിട്ട നിരക്കെട്ടിടമായിരുന്നു. നടുവിൽ ചായക്കട. മറ്റേയറ്റത്തുള്ളതൊരു അനാദി പീടികയാണ്. നീലഗിരി കുന്നുകളിലേക്കുള്ള കുടിയേറ്റത്തിന്റെ വേരുകൾ ചായക്കടയിലെ ആ താത്തയിലും തൊട്ടടുത്തുള്ള പീടികക്കാരനിലും മണക്കാനായി. കലർപ്പ് തെല്ലുമില്ല. ശുദ്ധ മലയാള സംഭാഷണം. ചായക്കടയിൽ ഒരു കസ്റ്റമർ മാത്രം.

അടുപ്പിൽ വിറക് എരിയുന്ന തീക്കാഴ്ച. നല്ല മലയാളത്തിൽ വർത്തമാനം പറഞ്ഞ് ; േതാത്ത 39; വിറകിൽ വെന്ത ചായ തന്നു. തമിഴ്, കന്നട, മലയാളം അവയിൽ ഏതെങ്കിലും ഒന്നു കൈയിലുണ്ടെങ്കിൽ കുടകിൽ ജീവിച്ചുപോകാമെന്നുറുപ്പായി.

ചെട്ടാലിയിലെ പോസ്റ്റുമാസ്റ്റർ മോഹൻ കുമാറിനും മിണ്ടാനും പറയാനും മടിയേതുമില്ല. അദ്ദേഹത്തിന്റെ മലയാളത്തിന്റെ വക്കും കോണുകളും അധികം തേഞ്ഞതല്ലാത്തതിനാൽ ഒരൽപ്പം വഴക്കക്കുറവുണ്ടെന്നു മാത്രം. വരാന്തയിലെ പോസ്റ്റ് ബോക്‌സിലേക്ക് അയാൾ അന്നത്തെ ഡെലിവറി കത്തുകൾ നിറച്ചുകൊണ്ടിരുന്നു. ഈ പോസ്റ്റ് ബോക്‌സിന് പ്രതിവർഷം നൂറ്റിയൻപത് രൂപ മാത്രമാണ് വാടക. വിലാസക്കാർക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ നിന്നും ഉരുപ്പടികൾ എടുത്തുപോകാം. ഇവിടെ മലകൾക്കിടയിൽ ചിതറിയ വാസയിടങ്ങളിൽ ഹോം ഡെലിവറി പ്രായോഗികമല്ല. അതിനാൽ പോസ്റ്റുമാനുമില്ല. കുഞ്ഞറകളിൽ അയാൾ നിറച്ചുകൊണ്ടിരുന്നത് തോട്ടമുടമകൾ വായിക്കുന്ന മാസികകളാണ്. ഈ നാട്ടിലും കത്തും കാർഡും അപ്രത്യക്ഷമാകുകയാണ്.

തപാൽ ഉരുപ്പടികളുടെ കുറവ്, കുഗ്രാമമായതിനാൽ നെറ്റ്്വർക്ക് കുഴപ്പങ്ങൾ കാരണം ഒ ടി പി സമയത്തിനും കാലത്തിനും വരാതെ ട്രാൻസാക്്ഷൻസ് നടക്കാത്തതിനെ കുറിച്ചും മോഹൻകുമാർ പരിതപിച്ചു. തപാൽവകുപ്പിന്റെ പുഷ്‌കലകാലം ചെട്ടാലിയിലും അവസാനിച്ചിരിക്കുന്നു. ഈ വളവു തിരിഞ്ഞാൽ ദുബാരെ ആന സങ്കേതത്തിലേക്ക് പോകാവുന്നതാണ്. അതൊക്കെയാണ് വർത്തമാനങ്ങളിൽ ഉൾപ്പെട്ടത്.

വഴി നീങ്ങിയപ്പോൾ മുറിച്ചു പോന്ന കാവേരി. അത് വെറും കൗമാര പ്രായക്കാരിയായ കാവേരി നദിയാണെന്നു തോന്നി. മുന്പൊരു യാത്രയിൽ സേലം ഹൈവേയിൽ കാവേരിയിലെ വെള്ളപ്പെരുക്കം കാണാൻ ആളു കൂടി നിന്നത്. നിറഞ്ഞൊഴുകിയ കാവേരിക്ക് അവിടെ യൗവന ഭാവമായിരുന്നു. പിന്നെ കാവേരി റെയിൽവേ സ്റ്റേഷൻ. പാസഞ്ചർ ട്രെയിനുകളാണവിടെ നിർത്തിയിരുന്നത്. ഓർമകൾ അതിനു പിന്നാലെ നീങ്ങാതെ…

സുൽത്താൻ ബത്തേരി ഗൂഡല്ലൂർ റോഡിൽ കാപ്പിത്തോട്ട ജാലത്തിനു വിരാമമായി. ചായത്തോട്ടങ്ങളാണ് മോഹിത കാഴ്ചകളാകുന്നത്. കാപ്പി വഴികൾ തേയിലത്തോട്ടങ്ങൾക്കിടയിലൂടെയായി എന്നു മാത്രം. തിരുവനന്തപുരത്തെ അതിപരിചിതമായ ബോണക്കാട് എസ്റ്റേറ്റ്. പശ്ചിമഘട്ടത്തിലെ കാട്ടിലൂടെയുള്ള ഹെയർപിൻ റോഡിൽ ദാ ഒരു വളവ് തിരിഞ്ഞാൽ, ഓ. നമ്മൾ യൂറോപ്പിലെത്തിയെന്ന പ്രതീതി അത് പണ്ടുകാലത്തുണ്ടാക്കിയിരുന്നു. ഇപ്പോൾ ആകപ്പാടെ ഉടഞ്ഞുപോയ ആ എസ്റ്റേറ്റ് പെരുമകൾക്ക് പിന്നാലെ മനസ്സിനെ വിടാൻ സമ്മതിക്കാതെ, കൊളുന്തുകാരികൾ പറ്റം പറ്റമായി അന്നത്തെ പണി കഴിഞ്ഞു മടങ്ങുന്നതു ശ്രദ്ധയിൽ വന്നു. അവർ പെട്ടെന്ന് പഴയ ഓർമയിലേക്ക് വീണ്ടും തള്ളിയിട്ടുകളഞ്ഞു.
പൊന്മുടി മലകളും ചായത്തോട്ടവും കണ്ട് മടങ്ങിയ കുട്ടിക്കാലം. ഇതു മാതിരി സായാഹ്നമായിരുന്നു അന്നും. അന്നത്തെ കൊളുന്തുകാരികളുടെ കൂട്ടത്തിൽ നിന്നും ഒരു പെൺകുട്ടി ഞങ്ങൾ സഞ്ചരിച്ച കാറിനുള്ളിലേക്ക് ഒരുപിടി കാട്ടുചാമ്പക്കകൾ ഇട്ടു തന്നു. ചുവന്ന ചാമ്പക്കകൾ. കാലം നീങ്ങിപ്പോയി അതെല്ലാം നിറമില്ലാത്ത ഓർമകൾ മാത്രമായി മാറിയിരിക്കുന്നു.

ഇടതു വശത്തേ പ്യാരി കമ്പനിയുടെ വിജയ് തേയില ഔട്ട്‌ലറ്റ് കൗതുകത്തോടെ വിളിച്ചു. ചായ കുടിച്ചു പോകാൻ അവിടെ ഇറങ്ങിയതാണ്. തേയിലയും വാങ്ങാം. അവിടെ തിളപ്പിച്ച ചായ രുചി നോക്കി. അതിൽ നിന്നും ഇഷ്ടപ്പെട്ട തേയിലപ്പൊടി തിരഞ്ഞെടുത്ത് വാങ്ങാനും അവസരമുണ്ട്. ആ ഓട് വിരിച്ച ചെറിയ കെട്ടിടം മരിഗോൾഡിന്റെ വലിയ ചായപ്പൊടി ഫാക്ടറിയുടെ നേർമുന്നിലാണ്. കൗതുകമുള്ള ചെറിയ കടയ്ക്കുൾവശത്തെ ചുവരുകൾ നിറയെ നിരനിരെ ചായ സാഹിത്യ ഫോട്ടോകൾ. ചായ കൂട്ടുന്ന സ്ത്രീയുടെ ഒറ്റപ്പാലം മലയാളവും.

മുനമ്പിലേക്ക് പോകുന്ന റോഡിൽ ബസെത്തിയപ്പോൾ ഇടതു വശത്ത് ഉയരത്തിൽ കടൽ കിടന്നു തുള്ളുന്നു. ഒറ്റനോട്ടത്തിൽ കടൽ ഇടതുവശത്ത് പൊങ്ങിയൊരു മലപോലെ കാണപ്പെട്ടു. എനിക്ക് അൽപ്പം ഉച്ചത്തിൽ മന്ത്രിക്കാതിരിക്കാനായില്ല. വീ റീച്ച്ഡ് അറ്റ് കേപ്. അതായിരുന്നു ആകപ്പാടെ ഇളക്കിമറിച്ച ജീവിതത്തിലെ ആദ്യത്തെ വലിയ കാഴ്ച. തിരശ്ചീനവും ലംബവുമായ ദൃശ്യങ്ങൾക്കപ്പുറത്ത് അവ ചിന്തകളുടെ വലിയ ലോകം പണിയുന്നു. എന്ന തോന്നൽ മുളച്ച നിമിഷവും അതായിരുന്നു.

വിരാജ്‌പേട്ട മെർക്കാറ റോഡിലെ മലഞ്ചെരിവിൽ തലേന്നൊരു കാപ്പിക്കട – റൊസ്റ്ററി കഫേ- കണ്ടിരുന്നു. അതീവ ആകർഷണീയതയുള്ളത്. കാപ്പിക്കടക്കൂട്ടത്തിലെ ഫൈവ് സ്റ്റാർക്കടയെന്നു പറയാം. വിവിധ ജാതി കാപ്പിപ്പൊടികൾ. ഉണങ്ങിയ കാപ്പിക്കുരുകളുടെ ശേഖരം തിരഞ്ഞ് മെർക്കാറയിലെ സമ്പന്നർ കാപ്പിപൊടി വാങ്ങിപ്പോകുന്നുണ്ടായിരുന്നു. കാപ്പി രൂപപ്പെടുന്ന പതിനഞ്ച് നാൾവഴികളുടെ പടവുകളുടെ ചിത്രത്തിനു താഴെയിരുന്ന് കാപ്പി കുടിച്ചതിന്റെ ഓർമയും തേയില കാപ്പി സാഹിത്യത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്നതല്ല.

Latest