copa america 2024
കോപ്പ അമേരിക്ക: അര്‍ജന്റീനയ്ക്ക് കിരീടം
16ാം കിരീടത്തോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരെന്ന റെക്കോഡ് അര്‍ജന്റീനയ്ക്ക് സ്വന്തം.
ഫ്‌ളോറിഡ| കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് വീണ്ടും കിരീടം. കൊളംബിയക്കെതിരായ മത്സരത്തില്‍ നിശ്ചിതസമയത്ത് ഇരുനിരയും ഗോള്‍രഹിതമായി പിരിഞ്ഞതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയിരുന്നു. അര്‍ജന്റീനയുടെ ലൗതാരോ മാര്‍ട്ടിനസ് 112ാം മിനിറ്റില്‍ രക്ഷകനാകുകയായിരുന്നു. ലോ സെല്‍സോ നല്‍കിയ മനോഹര പാസാണ് ഗോളിലേക്ക് വഴിതുറന്നത്.
16ാം കിരീടത്തോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരെന്ന റെക്കോഡ് അര്‍ജന്റീനയ്ക്ക് സ്വന്തം. 15 കിരീടവുമായി ഉറുഗ്വെക്കൊപ്പമായിരുന്നു ഇതുവരെ അര്‍ജന്റീനയുണ്ടായിരുന്നത്.
നിശ്ചിത സമയം അവസാനിക്കാന്‍ 25 മിനിറ്റോളം ശേഷിക്കെ അര്‍ജന്റീന ക്യാപ്ടന്‍ ലയണല്‍ മെസ്സി പരിക്കേറ്റ് കണ്ണീരോടെ മൈതാനം വിട്ടു. നേരത്തെ കാലിനേറ്റ പരിക്ക് വഷളായതോടെയാണ് മെസിക്ക് കളം വിടേണ്ടി വന്നത്. നികൊ ഗോണ്‍സാലസാണ് പകരക്കാരനായെത്തിയത്.
ഫൈനല്‍ നടക്കുന്ന മയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കാണികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യപകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി കൊളംബിയയാണ് മുന്നിട്ടു നിന്നത്.