Connect with us

Business

കേര നാട് കീഴടക്കി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കൊപ്രയും വെളിച്ചെണ്ണയും

അന്യസംസ്ഥാനങ്ങളില്‍ നിന്ന് നാളികേരവും വരുന്നു. ഇതോടെ വില ഇനിയും കുറയുമെന്ന ഭീതിയിൽ കർഷകർ

Published

|

Last Updated

പാലക്കാട് | കേര കര്‍ഷകര്‍ക്ക് വിഷുവിപണിക്ക് തിരിച്ചടിയായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊപ്രയും വെളിച്ചെണ്ണയും വരുന്നു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് കൊപ്രയും വെളിച്ചെണ്ണയും ഇറക്കുമതി ചെയ്യുന്നത്.

വിഷുക്കാലത്ത് നാളികേരം, കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ വിൽപ്പന വർധിക്കാറുണ്ട്. വിഷുക്കണിയൊരുക്കുന്നതിന് ഒഴിവാക്കാനാവാത്ത ഘടകമായതിനാല്‍ നാളികേരവും വന്‍തോതില്‍ ചെലവാകും. എന്നാല്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നാളികേരവും ഉത്പന്നങ്ങളും വരാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് വന്‍വിലയിടിവാണ് അനുഭവപ്പെടുന്നത്.

കൊപ്രക്ക് സംസ്ഥാനത്ത് നിലവിലെ 82.50 രൂപയാണ് വില. തമിഴ്നാട്ടില്‍ 80.50 രൂപയും. വെളിച്ചെണ്ണക്ക് കേരളത്തില്‍ 128 രൂപയാണെങ്കില്‍ തമിഴ്നാട്ടില്‍ 112.50 രൂപയായി കുറഞ്ഞിരിക്കുകയാണ്. ഇത് കാരണം വിലക്കുറവില്‍ കൊപ്രയും വെളിച്ചെണ്ണയും എത്താന്‍ തുടങ്ങിയതോടെ ഇവിടുത്തെ കൊപ്രക്കും വെളിച്ചെണ്ണക്കും ആവശ്യക്കാരില്ലാതെയായി. അടുത്ത മാസത്തോടെ തമിഴ്‌നാട്ടില്‍ നാളികേര വിളവെടുപ്പ് സീസണ്‍ ആരംഭിക്കുന്നതോടെ വില വീണ്ടും കുറയും. സംസ്ഥാനത്ത് ഗാര്‍ഹികാവശ്യങ്ങള്‍ക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്ന സ്ഥാനത്ത് വിലകുറഞ്ഞ സൂര്യകാന്തി എണ്ണയും പാമോയിലും മറ്റും ഉപയോഗിക്കുന്നത്് വർധിച്ചതോടെ വെളിച്ചെണ്ണയുടെ വിൽപ്പന കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. ഇതിനിടെ തമിഴ്നാട്ടില്‍ നിന്ന് വിലക്കുറവിൽ വെളിച്ചെണ്ണയും എത്തിയതോടെ കൂടുതല്‍ പ്രതിസന്ധിക്കിടയാക്കി.

നാളികേരത്തിന് സംസ്ഥാനത്ത് കിലോക്ക് 25 രൂപയാണ് ലഭിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നാളികേരവും വരാന്‍ തുടങ്ങിയതോടെ വില ഇനിയും കുറയാൻ ഇടയുണ്ട്. ഇത് സംസ്ഥാനത്തെ കേര കര്‍ഷകരെ പ്രതിസന്ധിയിലാക്കും. കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ നാളികേരവും കൊപ്രയും താങ്ങുവിലക്ക് സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും നിലച്ചിരിക്കുകയാണ്.

Latest