Connect with us

National

കൗമാരക്കാര്‍ക്കായി ഒരു വാക്‌സിന്‍ കൂടി; കോര്‍ബേവാക്‌സിന് അടിയന്തര ഉപയോഗ അനുമതി

12നും 18നും ഇടയില്‍ പ്രായമുള്ളവരില്‍ ഉപയോഗിക്കാനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | 12 വയസ്സ് മുതല്‍ 18 വയസ്സ് വരെ പ്രായക്കാര്‍ക്ക് നല്‍കുന്നതിന് ഒരു കൊവിഡ് വാക്‌സിന് കൂടി ഇന്ത്യ അടിയന്തര ഉപയോഗ അനുമതി നല്‍കി. തദ്ദേശീയമായി നിര്‍മിച്ച കോര്‍ബേവാക്‌സിനാണ് അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്. ബയോളജിക്കല്‍ ഇ ലിമിറ്റഡാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍. നിലവില്‍ ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിനാണ് കൗമാരക്കാര്‍ക്ക് നല്‍കുന്നത്. 15 മുതല്‍ 18 വരെ പ്രായക്കാര്‍ക്കാണ് നിലവില്‍ ഈ വാക്‌സിന്‍ നല്‍കുന്നത്.

തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പ്രോട്ടീന്‍ സബ് യൂണിറ്റ് വാക്‌സീനാണ് കോര്‍ബെവാക്‌സ്. മുതിര്‍ന്നവരില്‍ ഉപയോഗിക്കുന്നതിന് 2019 ഡിസംബറില്‍ തന്നെ കോര്‍ബേവാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയിരുന്നു. രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പഠനങ്ങളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കൗമാരക്കാര്‍ക്ക് കോര്‍ബേവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് 5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളിലും കൗമാരക്കാരിലും കോര്‍ബേവകാസ്സ് രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ബയോളജിക്കല്‍ ഇക്ക് അനുമതി ലഭിച്ചത്.

28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് കോര്‍ബേവാക്‌സ് നല്‍കേണ്ടത്. 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. 0.5 മില്ലി (സിംഗിള്‍ ഡോസ്), 5 മില്ലി (10 ഡോസ്), 10 മില്ലി (20 ഡോസ്) എന്നീ കുപ്പികളിലാണ് വാക്‌സിന്‍ വരുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ 1953ലാണ് സ്ഥാപിതമായത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ ജൈവ ഉല്‍പ്പന്ന കമ്പനിയും ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമാണ്.