Connect with us

corniche masjid

കോര്‍ണിഷ് മസ്ജിദ് സമര്‍പ്പണ സമ്മേളനം ഈ മാസം 25 മുതല്‍

പള്ളിയിൽ  വാന നിരീക്ഷണത്തിനും സൗകര്യം

Published

|

Last Updated

ഫറോക്ക് | കടലുണ്ടി ബീച്ച് റോഡില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ദീന്‍ മസ്ജിദ് സമര്‍പ്പണ സമ്മേളനം മാര്‍ച്ച് 25 മുതല്‍ 28 വരെ കടലുണ്ടിയില്‍ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 25ന് വെള്ളിയാഴ്ച വൈകുന്നേരം കടലുണ്ടി സാദാത്തുക്കള്‍ മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 4.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇസ്മാഈല്‍ അല്‍ബുഖാരി പതാക ഉയര്‍ത്തും.

വൈകുന്നേരം ഏഴിന് ഹജ്ജ്, വഖഫ് മന്ത്രി വി അബ്ദുർറഹ്മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ അക്കാദമി ചെയര്‍മാനും ഖാസിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. പി അബ്ദുല്‍ ഹമീദ് എം എല്‍ എ മുഖ്യാതിഥിയാകും.

ശനിയാഴ്ച വൈകുന്നേരം 6.30 ന് മതസൗഹാര്‍ദ സമ്മേളനം നടക്കും. എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്‍ കരീം ഹാജി ചാലിയം അധ്യക്ഷത വഹിക്കും. എഴുത്തുകാരൻ പി സുരേന്ദ്രന്‍, ഫാദര്‍ തോമസ്, എം സുരേന്ദ്രനാഥ്, ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രസംഗിക്കും. 8.30ന് ആസ്വാദന സദസ്സിന് ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക, റഊഫ് അസ്ഹരി ആക്കോട്, ഹാഫിസ് നഈം അദനി, ഹാഫിസ് മുബശിര്‍ പെരിന്താറ്റിരി, റാഫി ഹസ്രത്ത് കുന്നംകുളം, നാസിഫ് കോഴിക്കോട് നേതൃത്വം നല്‍കും. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നൽകും.

ഞായറാഴ്ച രാവിലെ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ പരിപാടിയുണ്ടാകും. ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സ്ഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും. രാവിലെ എട്ടിന് പൈതൃക സമ്മേളനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിക്കും. ചരിത്രകാരന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി, സൂര്യ അബ്ദുല്‍ ഗഫൂര്‍ ഹാജി, നിയാസ് പുളിക്കലകത്ത്, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഡോ. ഹനീഫ പ്രസംഗിക്കും.

28ന് രാവിലെ ഒമ്പതിന് കോര്‍ണിഷ് ഓഡിറ്റോറിയം ഉദ്ഘാടനം തുറുമുഖം മന്ത്രി അഹ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. വൈകുന്നേരം ആറിന് ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കോര്‍ണിഷ് മസ്ജിദ് നാടിന് സമര്‍പ്പിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി സന്ദേശ പ്രഭാഷണവും പേരോട് അബ്ദുർറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കോടമ്പുഴ ബാവ മുസ്ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, പകര മുഹമ്മദ് അഹ്സനി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് പ്രസംഗിക്കും.

യാത്രക്കാര്‍ക്കും ബേപ്പൂര്‍, ചാലിയം, കടലുണ്ടി, കോഴിക്കോട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തുന്നവര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് മസ്ജിദിന്റെ ഘടന. യാത്രക്കാരായ സ്ത്രീകള്‍ക്ക് നിസ്‌കാരം, പ്രാഥമികാവശ്യങ്ങള്‍  തുടങ്ങിയവ നിര്‍വഹിക്കാന്‍ മുസ്വല്ലനിസാഅ് നിര്‍മാണവും പൂര്‍ത്തിയായി. പള്ളിയോടനുബന്ധിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയവും നിര്‍മിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിനെത്തുന്ന അതിഥികള്‍ക്ക് വിശ്രമിക്കാന്‍ ഗസ്റ്റ് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. പളളിക്ക് മുകളില്‍ വാന നിരീക്ഷണത്തിനും കടല്‍ സൗന്ദര്യം ആസ്വദിക്കാനുള്ള സംവിധാനങ്ങളും ഒരുക്കുന്നുവെന്നത് ഇതര പള്ളികളില്‍ നിന്നും കോര്‍ണിഷ് മസ്ജിദിനെ വേറിട്ട് നിര്‍ത്തുന്നു.

Latest