International
ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മേയ് ആറിന്
ലോകനേതാക്കൾ ഉൾപ്പെടെയുള്ള നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും.
ലണ്ടൻ | ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മേയ് ആറിന് നടക്കുമെന്ന് ബിക്കിങ്ങാം കൊട്ടാരം ഔദ്യോഗികമായി അറിയിച്ചു. ചാൾസിന്റെ ഭാര്യ കാമില രാജപത്നിയായും (ക്വീൻ കൺസോർട്ട്) അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ഒന്നാം കിരീടാവകാശിയായ മൂത്തമകൻ ചാൾസ് രാജാവായി ചുമതലയേറ്റത്.
കാന്റർബറി ആർച്ച്ബിഷപ് റവ. ഡോ. ജസ്റ്റിൽ വെൽബിയുടെ മുഖ്യകാർമികത്വത്തിലാകും ചടങ്ങുകൾ. ആർച്ച് ബിഷപ്പ് പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയൽ ക്രൗൺ ചാൾസിനെ അണിയിക്കും. ഇന്ത്യയിൽനിന്നുള്ള കോഹിനൂർ രത്നം അടങ്ങിയ കിരീടമാകും കാമിലയ്ക്കു ലഭിക്കുക.
70 വർഷങ്ങൾക്കു മുമ്പ് 1953 ജൂണിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. ലോകനേതാക്കൾ ഉൾപ്പെടെയുള്ള നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണസമയത്ത് ചാൾസിന് 74 വയസ് പൂർത്തിയാകും. 900 വർഷത്തെ ചരിത്രത്തിൽ ബ്രിട്ടനിൽ സ്ഥാനമേൽക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാൾസ് മൂന്നാമൻ.