Kerala
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ മാര്‍ക്ക് തിരുത്തി; കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് വിഭാഗം
43 പേരുടെ ഇന്റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി കണ്ടെത്തിയത്.
കോഴിക്കോട് | കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ മാര്‍ക്ക് തിരുത്തിയെന്ന കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് വിഭാഗം. 43 പേരുടെ ഇന്റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി കണ്ടെത്തിയത്. 2020-2021 അധ്യയന വര്‍ഷത്തെ സിന്‍ഡിക്കേറ്റ് പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മിനുട്‌സുള്‍പ്പെടെ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേരുടെ ഇന്റേണല്‍ മാര്‍ക്ക് തിരുത്തിയതായി വ്യക്തമായത്.
കാലിക്കറ്റ് സര്‍വകലാശാലായിലെ ഹാന്‍ഡ് ബുക്ക് ഓഫ് എക്‌സാമിനേഷന്‍ പ്രകാരം ഇന്റേണല്‍ മാര്‍ക്ക് കോളജ് നോട്ടീസില്‍ പ്രിന്‍സിപ്പല്‍, വകുപ്പ് മേധാവി, ബന്ധപ്പെട്ട അധ്യാപകന്‍/അധ്യാപിക എന്നിവരുടെ സാക്ഷ്യപ്പെടുത്തലോടെ പ്രസിദ്ധീകരിക്കേണ്ടതാണ്. മൂന്ന് ദിവസമാണ് വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച പരാതി സമര്‍പ്പിക്കാനുള്ള സമയം. പരാതികള്‍ വന്നില്ലെങ്കില്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത ശേഷം പരീക്ഷാ കണ്‍ട്രോളര്‍ക്ക് അയക്കണം. ഫലം പ്രഖ്യാപിച്ച ശേഷം മാര്‍ക്കില്‍ തിരുത്തല്‍ വരുത്തുന്നത് അനുവദനീയമല്ലെന്നും ഹാന്‍ഡ് ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനു പുറമേ 2020-21 അധ്യയന വര്‍ഷത്തില്‍ അമ്പതിലധികം വിദ്യാര്‍ഥികളുടെ പരീക്ഷാ പേപ്പറുകള്‍ സര്‍വകലാശാലയില്‍ നിന്നും കാണാതായെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ പോലും സര്‍വകലാശാലക്ക് കഴിഞ്ഞിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവാദികളെ കണ്ടെത്തി പുനപരീക്ഷ നടത്തിയതിന്റെ നഷ്ടപരിഹാരം ഈടാക്കി അറിയിക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.