Story
തിരുത്ത്
പല തവണ ശാസിച്ചു, പിന്നീട് യാചിച്ചു. കണ്ടപോലെ നടിച്ചില്ല, അവർക്ക് ഞാനൊരു ശത്രുവിനെ പോലെയായി.
നീറിപ്പുകയുവാൻ ഇനിയൊരു മുറിവും ബാക്കിയില്ല. ഈ നാലു ചുവരുകൾ , എനിക്കെന്നേ മടുത്തു. അലയുന്ന അൻപത് കോലങ്ങൾ, ഒരേ അവസ്ഥകൾ. ഞാൻ കരുതിയത്, ശരീരമാണ് ജീവനെന്നാണ്.
അല്ല, മനസ്സും നിന്റെ ജീവനാണ്, നിന്നെ ജീവിപ്പിക്കുന്നതാണ്. വൈകി, തിരിച്ചറിഞ്ഞില്ല. കോറലും ചതവും പരിഗണിച്ചില്ല. ഇന്നീ മൂഡ് ഡിസോർഡർ വാർഡിൽ ഞാനും അവരിൽ ഒരാളാണ്.
അന്ന് വേദന മാറ്റാൻ പലതും രുചിച്ചു, ആസ്വദിച്ചു. ചുറ്റുമുള്ളവർക്ക് പകർന്നുകൊടുത്തു. നുണയാൻ ഇല്ലാതെവന്നപ്പോഴാണ് , കോറിയ പാടുകൾ ആഴത്തിലുള്ള മുറിവുകളായെന്ന് അറിയുന്നത്. വേദന സഹിക്കാൻ എന്റെ മനസ്സ് ഒരുക്കമല്ലായിരുന്നു, വീട്ടിലെ തടവിൽ നിന്നും മോചിതനായി ആശുപത്രി മുറിയിൽ കൊണ്ടുത്തട്ടിയിട്ട് ഏകദേശം രണ്ടര കൊല്ലം.
ഇനിയൊരു മോചനം മരണം മാത്രമെന്ന് വിചാരിച്ചാണ് ഇവിടെ ആദ്യ ദിവസങ്ങൾ കഴിഞ്ഞത്. ഒരുപാട് നേരം ഇരുന്നു ആലോചിച്ച് ഉണ്ടാക്കിയ ഒരോ ശ്രമവും പാളിപ്പോയി. അവസാനത്തേത് ആശുപത്രി അധികൃതർ കണ്ടു. ചങ്ങലയുടെ തണുപ്പ് എന്റെ കാലിന്റെ ഞെരിയാണിയിൽ തട്ടി. ബന്ധനങ്ങളാൽ എന്റെ ശരീരം അനക്കമില്ലാതെ കിടന്നു, ഗുളികകളുടെ സെഡേഷൻ എന്റെ കണ്ണുകളെയും തളർത്തി. ഒറ്റവാക്കിൽ പറഞ്ഞാൽ , ജീവച്ഛവം.!
ഒരോ ദിവസവും സ്വപ്നങ്ങൾ കാണുന്നുണ്ടായിരുന്നു. അച്ഛൻ ജോലി കഴിഞ്ഞ് വരികയാണ്. കൈയിലൊരു പൊതിയുണ്ട്, ഞാനും അമ്മയും ഓടിച്ചെന്നു വാതിൽ തുറന്നു ആ പൊതി സന്തോഷത്തോടെ വാങ്ങിക്കുന്നു. ഹംസക്കാന്റെ കടയിലെ ദം ബിരിയാണിയാണ്. അതിന്റെ മനം മയക്കുന്ന മണം എന്നെ എന്തെന്നില്ലാതെ അതു കഴിക്കുവാൻ പ്രേരിപ്പിച്ചു. ആ ദിനങ്ങൾ ഇനി തിരിച്ചു ചോദിക്കാൻ എനിക്ക് അവകാശമുണ്ടോ?
പിറ്റേന്ന് ആണ് കൗൺസല്ലിംഗ് , അവര് ചോദിക്കുന്നതിനൊന്നും ഇത്രയും കാലം ഞാൻ ഉത്തരം നൽകിയിട്ടില്ല. നാളെ എനിക്ക് മരിക്കും മുമ്പ് ഉള്ള കുറച്ചാഗ്രഹങ്ങൾ പറയണം. അമ്മയുടെ കൈ കൊണ്ട് ഒരു ഉരുള ചോറ് എനിക്ക് കഴിക്കണം.
എം ബി എ പഠിക്കാൻ എൻട്രൻസ് എഴുതി പുറത്ത് പോവുമ്പോൾ അവരൊരുപാട് സ്വപ്നങ്ങൾ കണ്ടിരിക്കണം. ഓട്ടോ ഡ്രൈവർ ആയ അച്ഛനും , അങ്കണവാടി അധ്യാപികയായ അമ്മയും , അഭിമാനത്തോടെ അവരുടെ സുഹൃത്തുക്കളോട് പറഞ്ഞിരിക്കണം, എന്റെ മകൻ നന്നായി പഠിച്ചു, ഇപ്പോ മുംബൈയിൽ പഠിക്കാണെന്ന്. ഇപ്പോ അവരെങ്ങനെയാണാവോ ജീവിക്കുന്നത്. പൈസക്ക് വേണ്ടി ഞാൻ പലതും ചെയ്തു, പക്ഷേ അതൊന്നും എന്റെ ഒരു ദിവസത്തിന് പോലും തികഞ്ഞില്ല. അത്രക്ക് എക്സ്പെൻസീവ് ആയിരുന്നു ഞാനുപയോഗിച്ച ഓരോ ലഹരി വസ്തുക്കൾക്കും, പിന്നീട് പലതും വിദേശത്ത് നിന്ന് എത്തിച്ചു നൽകുന്നത് ഞാൻ മുഖേനയായി. അതോടെ എനിക്കാവശ്യമുള്ള പണം എന്റെ പോക്കറ്റിലുണ്ടെന്ന് ഉറപ്പ് വരുത്തി, ജോലി രാജിവെച്ചു. നാട്ടിലേക്ക് പോന്നു. ഇത് വീട്ടുകാർ അറിയാനിടയായി.
പല തവണ ശാസിച്ചു, പിന്നീട് യാചിച്ചു. കണ്ടപോലെ നടിച്ചില്ല, അവർക്ക് ഞാനൊരു ശത്രുവിനെ പോലെയായി. അച്ഛനെടുത്ത് വെച്ച ഒരോ ചില്ലി കാശും എന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഞാനെടുത്തു. അവസാനം അവരെന്നെ പൂട്ടിയിട്ടു, അമ്മയെ ഉപദ്രവിച്ചെന്നാണ് അച്ഛൻ ദേഷ്യത്തിൽ പറയുന്നത് കേട്ടത്. ഓർമയില്ല, ഒന്നും. ഒരാഴ്ച മുറിയിൽ നിന്ന് പുറത്തേക്കിറക്കിയില്ല. ഭക്ഷണം വെച്ച് തരും. ഉള്ള ഊർജത്തിൽ ഞാനലറും. അവസാനം ഒരു വിധം തളർന്നു എന്ന് ഉറപ്പുവന്നപ്പോഴാണത്രെ അടുത്തുള്ള ശ്രീധര മാമയുടെ വണ്ടിയിൽ ഇവിടേക്ക് എത്തിച്ചത്. സൈക്കോളജിസ്റ്റ് ആണിതെല്ലാം എന്നോട് പറഞ്ഞത്. എന്നെപ്പറ്റി മറ്റൊരാൾ കഥ പറയുമ്പോൾ ഉണ്ടായ മാനസിക സമ്മർദം കുറച്ചൊന്നുമല്ല. പക്ഷേ, എല്ലാം ശരിയാക്കാം എന്ന ആത്മധൈര്യം തന്നതും അവരായിരുന്നു.
ഓരോ ദിവസവും എന്നെ കൂടുതൽ സംസാരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ഞാനനുഭവിച്ച മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ എന്നെക്കൊണ്ട് ആത്മഹത്യയുടെ വക്കിൽ കൊണ്ടെത്തിച്ചു. നുകർന്നതും പകർന്നതുമായ പല ലഹരികളും അവയുടെ ഇല്ലായ്മ എന്റെ ശരീരത്തിൽ കാണിച്ചുകൊണ്ടിരുന്നു. തല വീർത്തു പൊട്ടുകയാണെന്നു തോന്നും, മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോകുന്നതുപോലെ, കൈകൾക്ക് വിറയൽ, ഉറക്കമില്ലായ്മ, മറ്റുള്ളവരുടെ വികാരങ്ങൾ എന്താണെന്ന് പോലും മനസ്സിലാകുന്നില്ല. “Withdrawal symptoms’ എന്ന് കേൾക്കാൻ സുഖമാണ്, അനുഭവിക്കുന്നവർക്ക് ഇതിലും ഭേദമായിരുന്നു മരണം എന്ന് തോന്നിപ്പോകും.
ഇപ്പോ വാർഡിലെ എന്റെ ബെഡിൽ ഞാൻ സ്വതന്ത്രനാണ്. ചങ്ങലകളോ, സെല്ലോ ഇല്ല. എനിക്കറിയാം എന്നെ കാണാൻ ആരും ഈ ആശുപത്രി വാർഡിലേക്ക് വരില്ലെന്ന്. എല്ലാം ഭേദമായി , ഗുളികകളുടെ സെഡേഷൻ ഇല്ലാത്ത, മനം കവരുന്ന മയക്കുമരുന്നുകൾ ഇല്ലാത്ത ഒരു ലോകത്ത് എന്റെ കൊച്ചു കുടുംബത്തിന്റെ കൂടെ, നാട്ടിലെ കുറച്ച് നല്ല ചങ്ങാതിമാരുടെ കൂടെ, സ്വപ്നം കണ്ട് നേടിയ ജോലി ചെയ്ത്, ഒരു നല്ല ജീവിതം, ഇതെല്ലാമിപ്പോൾ എനിക്ക് പിടികിട്ടാത്ത ദൂരത്താണ്. കൈക്കുമ്പിളിൽ തന്ന തേനു പോലെ മധുരമുള്ള തേങ്ങാവെള്ളം ബുദ്ധിശൂന്യത കാരണം മറിച്ച് കളഞ്ഞ ഒരു മനുഷ്യൻ. അതാണ് ഞാൻ.
പിറ്റേന്ന് രാവിലെത്തന്നെ കൗൺസലിംഗിന് പോകാൻ നേരം., “തന്റെ ഫാമിലി കാണാൻ വന്നിട്ടുണ്ട്. പെട്ടെന്ന് ഡ്രസ് മാറി വിസിറ്റേഴ്‌സ് റൂമിലേക്ക് പോയിക്കോളൂ.’ ഒരു ചെറിയ പുഞ്ചിരിയോടെ സൈക്കോളജിസ്റ്റ് എന്റെ പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞു. എന്റെ നെഞ്ച് ഇടിക്കുന്നത് അവിടെ കിടക്കുന്ന 50 പേരും കേട്ടുകാണും. വിസിറ്റേഴ്സ് റൂമിന്റെ കതക് തുറന്ന് ചെന്നപ്പോൾ എന്നിക്ക് തല ഉയർത്താൻ കഴിഞ്ഞില്ല. അവരെന്നെ കെട്ടിപ്പിടിച്ചു. ഞാനന്ന് ആദ്യമായി അവരുടെ കാലിലേക്ക് വീണു. എന്നെ വളർത്തിയ അവരുടെ കണ്ണുകൾ കുഴിഞ്ഞു പോയിരുന്നു. കൂടുതൽ പ്രായമായപോലെ. ഈ മകൻ ആദ്യമായി രുചിച്ചതും വലിച്ചതും ഓർത്തു, ആ നിമിഷത്തെ ശപിച്ചു.
“എന്നെ കൊന്നുകളഞ്ഞൂടായിരുന്നോ?'”അതിനല്ല നിന്നെ ഞാൻ പ്രസവിച്ചതും, അച്ഛൻ നിന്നെ വളർത്തിയതും, ആർക്കും വലിച്ചെറിയാനുള്ളതല്ല ജീവിതം. ജീവിച്ചു ജയിക്കാനുള്ളതാണ്. നീയൊരു തോൽവിയിലേക്ക് വ്യതിചലിച്ചു നടന്നു. എന്നാലിപ്പോ നിന്റെ ജീവിതം നിനക്ക് തന്നെ തിരിച്ചു കിട്ടി. ജീവിച്ചു നോക്ക് , നിനക്കുവേണ്ടി മാത്രം അല്ല, നിനക്ക് ഇഷ്ടപ്പെട്ടവർക്കും കൂടെ വേണ്ടി.’ഇനി ഇങ്ങോട്ടൊരു തിരിച്ചുവരവില്ലെന്നോണം ഞാൻ അവരുടെ പിന്നാലെ നടന്നു. എന്നിലുള്ള പലതും മരിച്ചു കഴിഞ്ഞിരുന്നു. ബാക്കിയുള്ള ഒരിറ്റു ജീവൻ എനിക്ക് ജീവിക്കണം, മനുഷ്യനായി.