Kerala
വി.ഡി സതീശനെതിരായ കോഴ ആരോപണം; കൃത്യമായ തെളിവ് വേണമെന്ന് കോടതി
ഹരജി ഏപ്രില്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം|പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ ആരോപണത്തില്‍ തെളിവ് ആവശ്യപ്പെട്ട് കോടതി. ആരോപണത്തില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹരജി പരിഗണിച്ചത്. കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ വിഡി സതീശന്‍ ഇതര സംസ്ഥാന ലോബികളില്‍ നിന്നും 150 കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.
ആരോപണത്തിന് കൃത്യമായ തെളിവ് വേണമെന്നും വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഹരജി ഏപ്രില്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാകും. അത് ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഇതര സംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്ന് പിവി അന്‍വര്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശി ഹഫീസ് ആണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം നടത്താതെ വന്നപ്പോള്‍ ഹഫീസ് കോടതിയെ സമീപിക്കുകയായിരുന്നു.