Connect with us

National

അഴിമതിക്കേസ്; സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | അഴിമതി കേസില്‍ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ഇഡി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.ഗാസിയാബാദ് സ്വദേശിയായ അലോക് കുമാറിനെയാണ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദായനികുതി വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് അലോക് കുമാര്‍ ഇഡിയിലെത്തിയത്. അഴിമതിക്കേസില്‍ മുമ്പ് രണ്ട് തവണ അലോകിനെ ചോദ്യം ചെയ്തിരുന്നു.എന്നാല്‍
തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നു.

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൈക്കൂലി കേസില്‍ അലോക് കുമാറിന്റെ പേര് ഉയര്‍ന്ന് വന്നത്.മകനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ സന്ദീപ് സിങ്ങ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായി സിബിഐക്ക് പരാതി ലഭിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയ മുംബൈ ജ്വല്ലറിയില്‍ നിന്നും സിങ്ങ് കൈക്കൂലി വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതേ കേസില്‍ എഫ്‌ഐആറില്‍ സന്ദീപ് സിങ്ങിനൊപ്പം അലോകിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

അലോക് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest