Connect with us

Editorial

പി എസ് സിയിലും കോഴ: "അഴിമതിരഹിത കേരള'മെവിടെ?

സി പി എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കോക്കസാണ് പി എസ് സി കോഴ തട്ടിപ്പിനു പിന്നിലെന്ന് പറയപ്പെടുന്നുണ്ട്. പാര്‍ട്ടിതല അന്വേഷണം കൊണ്ട് മാത്രം അവസാനിപ്പിക്കരുത് ഇതുപോലുള്ള കോഴക്കേസുകള്‍.

Published

|

Last Updated

അഴിമതിരഹിത കേരളമാണ് സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിലൊന്ന്. 2016ല്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി പല തവണ ഈ വാഗ്ദാനം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ അഴിമതിക്കേസുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഉദ്യോഗതലത്തില്‍ മാത്രമല്ല പാര്‍ട്ടിക്കകത്തും അഴിമതി കൊടികുത്തി വാഴുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പി എസ് സി കോഴ.

60 ലക്ഷം രൂപ നല്‍കിയാല്‍ പി എസ് സിയില്‍ അംഗത്വം വാങ്ങിച്ചു കൊടുക്കാമെന്ന് സി പി എമ്മിന്റെ കോഴിക്കോട്ടുകാരനായ പ്രാദേശിക യുവനേതാവ് ഒരു വനിതാ ഡോക്ടര്‍ക്ക് വാഗ്ദാനം നല്‍കുകയും ആദ്യ ഗഡു കോഴയായി 22 ലക്ഷം കൈപറ്റുകയും ചെയ്തുവെന്നാണ് ആരോപണം. മന്ത്രി മുഹമ്മദ് റിയാസ്, എം എല്‍ എമാരായ കെ എം സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരെ സ്വാധീനിച്ച് പി എസ് സി അംഗത്വം വാങ്ങിത്തരാമെന്നായിരുന്നു യുവ നേതാവിന്റെ വാഗ്ദാനം. പി എസ് സി അംഗത്വം ലഭിക്കാതെ വന്നതോടെ ഡോക്ടര്‍ പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചു. പാര്‍ട്ടി ഇതേക്കുറിച്ച് രഹസ്യാന്വേഷണം നടത്തിയപ്പോള്‍ ആരോപണം സത്യമാണെന്ന് ബോധ്യപ്പെട്ടുവെന്നും യുവനേതാവിനെതിരെ താമസിയാതെ നടപടിയുണ്ടാകുമെന്നുമാണ് വിവരം.

ഇന്നലെ നിയമസഭയില്‍ ഇതുസംബന്ധിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ആരോപണം സ്ഥിരീകരിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയും. സംസ്ഥാനത്ത് പലവിധ തട്ടിപ്പുകളും നടക്കുന്നുണ്ട്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും വ്യാജ എഫ് ഐ ആറും വാറണ്ടും അയച്ചും വ്യാജ വിവരങ്ങളുമായി വെബ്സെറ്റ് വഴി ട്രേഡിംഗിന്റെ പേരിലുമെല്ലാം തട്ടിപ്പ് നടക്കുന്നുവെന്ന് ചൂട്ടിക്കാട്ടിയ മുഖ്യമന്ത്രി ഇതിലൊന്നും അകപ്പെടാതെ സൂക്ഷിക്കണമെന്ന് സമൂഹത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് പി എസ് സി പ്രശംസനീയമായ വിധത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. കോഴ നല്‍കി പി എസ് സി അംഗത്വം നേടിയെടുക്കാനാകില്ല. പി എസ് സിയെ അപകീര്‍ത്തിപ്പെടുത്താന്‍ മുമ്പും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ശ്രമം മാത്രമാണ് ഇപ്പോഴത്തെ കോഴ ആരോപണമെന്നും മുഖ്യമന്ത്രി പറയുന്നു.

എന്നാല്‍ പി എസ് സിയെ താറടിക്കാനുള്ള ശ്രമമെന്നു പറഞ്ഞ് ഒറ്റയടിക്കങ്ങു തള്ളിക്കളയാവുന്ന ആരോപണമായി ഇതിനെ കാണാനാകുമോ? കരുവന്നൂര്‍ ഉള്‍പ്പെടെ സി പി എം ഭരണത്തിലുള്ള ബേങ്കുകളില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം വന്നപ്പോള്‍, സി പി എമ്മിനെയും സഹകരണ മേഖലയെയും തകര്‍ക്കാനുള്ള ശ്രമമാണ് ഇ ഡിയുടേതെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങളും പാര്‍ട്ടി നേതാക്കളും പറഞ്ഞിരുന്നത്. പിന്നീട് പാര്‍ട്ടി നേതാക്കളുടെ അറിവോടെയും ഒത്താശയോടെയുമാണ് തട്ടിപ്പുകള്‍ അരങ്ങേറിയതെന്ന് തെളിഞ്ഞു. തട്ടിപ്പില്‍ ചില സി പി എം നേതാക്കള്‍ക്കുള്ള പങ്ക് സി പി ഐ അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തി. പ്രളയ ദുരിതാശ്വാസ തട്ടിപ്പില്‍ സി പി എം നേതാക്കളുടെ പേര് ഉയര്‍ന്നപ്പോഴും തുടക്കത്തില്‍ പാര്‍ട്ടി നിഷേധിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാവ് ഉള്‍പ്പെടെ സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

ഇത്തരമൊരു സാഹചര്യത്തില്‍ പി എസ് സി തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. സി പി എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കോക്കസാണ് പി എസ് സി കോഴ തട്ടിപ്പിനു പിന്നിലെന്ന് പറയപ്പെടുന്നുണ്ട്. പാര്‍ട്ടിതല അന്വേഷണം കൊണ്ട് മാത്രം അവസാനിപ്പിക്കരുത് ഇതുപോലുള്ള കോഴക്കേസുകള്‍. പാര്‍ട്ടിതല അന്വേഷണങ്ങളില്‍ സംശയത്തിന്റെ മുനകള്‍ ഉന്നതരിലേക്ക് നീങ്ങുമ്പോള്‍ അന്വേഷണം വഴിമുട്ടുകയാണ് പതിവ്. ഇത് അഴിമതി വ്യാപനത്തിന് വഴിവെക്കും. അന്വേഷണം ഉത്തരവാദപ്പെട്ട ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുകയും സമ്മര്‍ദങ്ങള്‍ക്കു വിധേയമാകാതെ അവര്‍ക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുകയും വേണം.

മറ്റു രാഷ്ട്രീയ കക്ഷികളെ അപേക്ഷിച്ച് അഴിമതിയും അഴിമതിക്കാരും കുറഞ്ഞ, അണികളെ തികഞ്ഞ അച്ചടക്കത്തോടെ വാര്‍ത്തെടുക്കുന്ന കേഡര്‍ പാര്‍ട്ടിയായാണ് സി പി എം അറിയപ്പെട്ടിരുന്നത്. ഇന്ന് സ്ഥിതി മാറി. അഴിമതിയുടെ കാര്യത്തില്‍ പാര്‍ട്ടിയിലെ പലരും ഇതര കക്ഷികളോട് മത്സരിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. തിരുവനന്തപുരം എ കെ ജി സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞു. ‘സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണ്. സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയാണ് പലരും സി പി എമ്മിലേക്ക് വരുന്നതെ’ന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശം. പി എസ് സി കോഴത്തട്ടിപ്പ് വിവരം പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഈ പ്രസ്താവമെന്നത് ശ്രദ്ധേയമാണ്.

അഴിമതിയുള്‍പ്പെടെ പാര്‍ട്ടിയെ ബാധിച്ച ജീര്‍ണതകള്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഒരു ആനുകാലികത്തിലെഴുതിയ ലേഖനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഇക്കാര്യം തുറന്നു പറഞ്ഞു. ‘ഇടതുപക്ഷ സ്വാധീന മേഖലകളിലടക്കം ബഹുജന സ്വാധീനത്തിലും പ്രതികരണ ശേഷിയിലും പാര്‍ട്ടിക്ക് ഇടിവും ചോര്‍ച്ചയും സംഭവിക്കുന്നുണ്ട്. രാഷ്ട്രീയ ഘടകങ്ങളും സംഘടനാപരമായ കാരണങ്ങളും ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബഹുജനവുമായുള്ള ബന്ധത്തിലെ പാളിച്ചകളുമെല്ലാം കാരണങ്ങളായിരിക്കാം’- എം എ ബേബി പറയുന്നു. ഒരു തിരുത്തല്‍ നടപടിക്ക് പാര്‍ട്ടി സന്നദ്ധമാകണമെന്നും അത് വാക്കിലും പ്രവൃത്തിയിലും പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന തരത്തിലായിരിക്കണമെന്നും എങ്കില്‍ മാത്രമേ നഷ്ടപ്പെട്ട ബഹുജന സ്വാധീനം വീണ്ടെടുക്കാനാകുകയുള്ളൂവെന്നും അദ്ദേഹം ഉപദേശിക്കുന്നു.

 

Latest