Kerala
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അഴിമതി; ജോസ് മോനെ കണ്ടെത്താന്‍ വിജിലന്‍സ് പോലീസിന്റെ സഹായം തേടി
ജോസ് മോന്റെയും നേരത്തെ അറസ്റ്റിലായ ഹാരിസിന്റെയും സമ്പാദ്യങ്ങളെ പറ്റി പ്രത്യേക സംഘം പരിശോധന നടത്തും
തിരുവനന്തപുരം | മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ഒളിവില്‍തന്നെ .സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ജോസ് മോന്‍ ഒളിവിലാണെന്ന് വിജിലന്‍സ് പറയുന്നു. ജോസ് മോനെ കണ്ടെത്താന്‍ വിജിലന്‍സ് പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. ജോസ് മോന്റേത് അനധികൃത സമ്പാദ്യമെന്നും ഇയാള്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കുമെന്നും വിജിലന്‍സ് അറിയിച്ചു.
ജോസ് മോന്റെയും നേരത്തെ അറസ്റ്റിലായ ഹാരിസിന്റെയും സമ്പാദ്യങ്ങളെ പറ്റി പ്രത്യേക സംഘം പരിശോധന നടത്തും.ജോസ് മോന്റെ കൊല്ലം എഴുകോണിലെ വീട്ടില്‍ ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകള്‍ കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിര്‍മ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രേഖകളും വാഗമണ്ണില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ട് രേഖകളും കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കന്‍ ഡോളര്‍ അടക്കം വിദേശ കറന്‍സികളും വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസര്‍ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ് മോന്റെ വീട്ടില്‍ ഇന്നലെ റെയ്ഡ് നടത്തിയത്.
ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പണം വാങ്ങുന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. ഇതേ സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് മുമ്പ് ജില്ലാ ഓഫിസറായിരുന്ന ജോസ് മോനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു.