Sports
ചെലവ് ചുരുക്കൽ; ഫെർഗൂസനുമായുള്ള കരാർ അവസാനിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ദി അത്‌ലറ്റിക് റിപ്പോർട്ട് അനുസരിച്ച്, ചെലവ് കുറയ്ക്കുന്നതിനുള്ള എല്ലാ വഴികളും പുതിയ ഉടമകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ചെലവ് ചുരുക്കലിൻ്റെ ഭാഗമായി കടുത്ത നടപടികൾ തുടർന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്ലബ്ബിൻ്റെ വിഖ്യാത മാനേജർ അലക്സ് ഫെർഗൂസണുമായുള്ള മൾട്ടി-മില്യൺ പൗണ്ട് അംബാസഡോറിയൽ കരാർ ടീം അവസാനിപ്പിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ ഉടമകളായ ഇനിയോസ് (INEOS) ആണ് അലക്സ് ഫെർഗൂസണുമായുള്ള കരാർ അവസാനിപ്പിച്ചത്. 13 പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 38 ട്രോഫികൾ സമ്മാനിച്ച അലക്‌സ് ഫെർഗൂസൻ 2013ലാണ് ക്ലബ്ബിൻ്റെ മാനേജർ പദവി ഒഴിഞ്ഞത്. 26 വർഷം ഫെർഗൂസൻ യുണൈറ്റഡിൻ്റെ മാനേജരായിരുന്നു.ക്ലബ്ബിൻ്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ മാനേജരായ ഫെർഗൂസനെ അങ്ങനെ വിട്ടുകളയാൻ ഒരുക്കമല്ലാതിരുന്ന ടീം ക്ലബ്ബിൻ്റെ ആഗോള അംബാസഡറായി ഫെർഗൂസനെ നിയമിച്ചു. ആ കരാറാണ് നിലവിൽ യുണൈറ്റഡ് റദ്ദാക്കിയിരിക്കുന്നത്.
ദി അത്‌ലറ്റിക് റിപ്പോർട്ട് അനുസരിച്ച്, ചെലവ് കുറയ്ക്കുന്നതിനുള്ള എല്ലാ വഴികളും പുതിയ ഉടമകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ക്ലബ് ചിലവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഈ സീസണിന് ശേഷം പണം നൽകുന്നത് തുടരാൻ തങ്ങൾക്ക് കഴിയില്ലെന്നും ഫെർഗൂസനെ ക്ലബ്ബ് അറിയിച്ചതായാണ് റിപ്പോർട്ട്. യുണൈറ്റഡിൻ്റെ മിക്ക മത്സരങ്ങളിലും സ്ഥിര സാന്നിധ്യമാണ് 82കാരനായ സർ അലക്‌സ് ഫർഗൂസൺ. വെംബ്ലിയിൽ നടന്ന എമിറേറ്റ്സ് എഫ്എ കപ്പ് ഫൈനലിലും ഫർഗൂസൺ എത്തിയിരുന്നു.