Kerala
പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; പാലക്കാട്ട് നാളെ നിശബ്ദ പ്രചാരണം; മറ്റന്നാൾ ബൂത്തിൽ
ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് മൂന്ന് മുന്നണി സ്ഥാനാർഥികളും റോഡ് ഷോയോടു കൂടിയാണ് പ്രചാരണം നിർത്തിയത്.
പാലക്കാട് | ഒരു മാസത്തിലേറെ നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാട് ബൂത്തിലേക്ക്. വീറും വാശിയും നിറഞ്ഞുനിന്ന ആവേശപ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ട് പര്യടനങ്ങൾ അവസാനിച്ചത്. ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് മൂന്ന് മുന്നണി സ്ഥാനാർഥികളും റോഡ് ഷോയോടു കൂടിയാണ് പ്രചാരണം നിർത്തിയത്. നൂറുക്കണക്കിന് പ്രവർത്തകർ റോഡ് ഷോകളിൽ അണിനിരന്നു.
യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൽ ഡി എഫ് സ്ഥാനാർഥി പി സരിൻ, ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാർ എന്നിവർ റോഡ്ഷോക്ക് നേതൃത്വം നൽകി. പ്രചാരണത്തിനിടെ ഏറെ വിവാദങ്ങൾക്കിടയാക്കിയ ട്രോളി ബാഗുമായാണ് രാഹുലും കൂട്ടരും കൊട്ടിക്കലാശത്തിനെത്തിയത്. ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും രാഹുലിനായി പ്രചാരണത്തിനിറങ്ങി. അടുത്തിടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറിയ സന്ദീപ് വാര്യറും പ്രചാരണത്തിൽ മുന്നലുണ്ടായിരുന്നു.
എംബി രാജേഷ്, എഎ റഹീം, വസീഫ് തുടങ്ങിയവരാണ് പി. സരിനൊപ്പം ഉണ്ടായിരുന്നത്. സി. കൃഷ്ണകുമാറിന് വേണ്ടി ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും പാലക്കാട്ടെത്തി.
വൈകീട്ട് അഞ്ചരയോടെ എല്ലാ സ്ഥാനാർഥികളുടെയും പര്യടനം സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേർന്നു. പിന്നെ ആവേശം കൊടുമുടി കയറുന്ന കാഴ്ചയാണ് കണ്ടത്.
ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച ഫലം പ്രഖ്യാപിക്കും. നേരത്തെ ഈ മാസം 13ന് നിശ്ചയിച്ച വോട്ടെടുപ്പ് പിന്നീട് കൽപ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ 20ലേക്ക് മാറ്റുകയായിരുന്നു.