International
അമേരിക്ക നാടുകടത്തുന്ന കുടിയേറ്റക്കാരെ സ്വീകരിക്കാൻ തയ്യാറായി കോസ്റ്ററിക്കയും
പനാമയും ഗോട്ടിമലയും കുടിയേറ്റക്കാരെ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് കോസ്റ്ററിക്കയും ഇതിന് തയ്യാറാകുന്നത്.

വാഷിങ്ടൺ | അമേരിക്ക നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ തയ്യാറായി മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയും. പനാമയും ഗോട്ടിമലയും കുടിയേറ്റക്കാരെ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് കോസ്റ്ററിക്കയും ഇതിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. മധ്യേഷ്യയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 200 കുടിയേറ്റക്കാർ ബുധനാഴ്ച യു.എസിൽ നിന്ന് കോസ്റ്ററിക്കയിൽ എത്തും. വാണിജ്യ വിമാനത്തിലാണ് ഇവരെ കൊണ്ടുവരികയെന്ന് കോസറ്ററിക്ക പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു.
യുഎസിൽ നിന്ന് എത്തിക്കുന്ന കുടിയേറ്റക്കാരെ പനാമ അതിർത്തിയിലുള്ള താൽകാലിക കുടിയേറ്റ സംരക്ഷണ കേന്ദ്രത്തിലാകും പാർപ്പിക്കുക. പിന്നീറ്റ് ഇവിടെ നിന്ന് അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കും. ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷന്‍റെ സഹായത്തോടെ യു.എസ് ആണ് ഇതിന്റെ ചെലവുകൾ വഹിക്കുക.
കഴിഞ്ഞ ആഴ്ച ചൈന, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരൻമാരുമായുള്ള വിമാനം പനാമയിലെത്തിയിരുന്നു. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ 11 ദശലക്ഷം പേരും ലാറ്റിനമേരിക്കയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.