Connect with us

Kerala

പോലീസ് പിടിച്ചതിനാല്‍ പിഎസ്സി പരീക്ഷ എഴുതാനായില്ല; യുവാവിന്റെ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത് പ്രസാദിനെ സസ്പെന്റ് ചെയ്ത് വാക്കാല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കോഴിക്കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

Published

|

Last Updated

കോഴിക്കോട്| ട്രാഫിക് കുരുക്കുണ്ടാക്കിയെന്ന പേരില്‍ പോലീസ് പിടിച്ചതോടെ പിഎസ്സി പരീക്ഷ എഴുതാനായില്ലെന്ന യുവാവിന്റെ പരാതിയില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത് പ്രസാദിനെ സസ്പെന്റ് ചെയ്ത് വാക്കാല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കോഴിക്കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് സിറ്റി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം, തനിക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് യുവാവ് കമ്മീഷനെ അറിയിച്ച സാഹചര്യത്തില്‍ സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കേസുകള്‍ തീര്‍പ്പാക്കിയതായും കമ്മീഷന്‍ അറിയിച്ചു.

2022 ഒക്ടോബര്‍ 22ന് ഉച്ചയ്ക്കായിരുന്നു സംഭവമുണ്ടായത്. രാമനാട്ടുകരയില്‍ നിന്നും മീഞ്ചന്ത സ്‌കൂളിലേക്ക് പോയ ടി.കെ അരുണ്‍ എന്ന ഇരുചക്ര വാഹന യാത്രികനെയാണ് പോലീസ് തടഞ്ഞു വച്ചത്. ട്രാഫിക് കുരുക്ക് ശ്രദ്ധയില്‍പെട്ടപ്പോള്‍ യഥാസമയം പരീക്ഷയ്ക്ക് എത്താന്‍ പഴയ പാലം വഴി തിരിഞ്ഞപ്പോഴാണ് അരുണിനെ പോലീസ് പിടിച്ചത്. ഗതാഗത തടസമുണ്ടാക്കിയെന്നായിരുന്നു കുറ്റം. പിന്നാലെ സിവില്‍ പോലീസ് ഓഫീസര്‍ ബൈക്കിന്റെ താക്കോല്‍ ഊരി വാങ്ങി. 1.30ന് പരീക്ഷയ്ക്ക് എത്തണമെന്ന് പറഞ്ഞെങ്കിലും വിട്ടുനില്‍കിയില്ല.

1.30ന് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ ഹനീഫ്, അരുണിനെ പോലീസ് വാഹനത്തില്‍ സ്‌കൂളില്‍ എത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാല്‍ പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ല. സിവില്‍ പോലീസ് ഓഫീസര്‍ക്ക് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

 

 

 

 

Latest