Connect with us

FAKE NOTE

കള്ളനോട്ട് കേസ്: ജിഷമോള്‍ മാനസികാരോഗ്യ ചികിത്സ തേടിയതില്‍ ദുരൂഹത

കള്ളനോട്ടു കേസ് തീവ്രവാദ വിരുദ്ധ സേനയ്ക്കു കൈമാറാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഇവര്‍ ചികിത്സ തേടിയത്

Published

|

Last Updated

ആലപ്പുഴ | കള്ളനോട്ടു കേസില്‍ ഉള്‍പ്പെട്ട എടത്വ കൃഷി ഓഫീസര്‍ എം ജിഷമോള്‍ മാനസികാരോഗ്യ ചികിത്സക്കു വിധേയമായതു കേസില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണെന്നു പോലീസ് സംശയിക്കുന്നു.

ഇവരില്‍ നിന്നു കള്ളനോട്ടുകള്‍ പിടികൂടിയ കേസ്, കേരള പൊലീസിനു കീഴിലെ തീവ്രവാദ വിരുദ്ധ സേനയ്ക്കു (എ ടി എസ്) കൈമാറാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഇവര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

കായംകുളം, ചാരുംമൂട് മേഖലകളില്‍ നേരത്തെ വ്യാപകമായ കള്ളനോട്ടു വേട്ട നടന്നിരുന്നു. അവിടെനിന്നു പിടിച്ചെടുത്ത കള്ളനോട്ടുകള്‍ക്കു ജിഷമോളില്‍ നിന്നു കിട്ടിയ നോട്ടുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്. 2,70,000 രൂപയുടെ കള്ളനോട്ടുകളാണു കഴിഞ്ഞ ഒക്ടോബറില്‍ കായംകുളത്തു നിന്നു പിടികൂടിയത്.

ജിഷമോളില്‍ നിന്നു പിടികൂടിയത് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളായിരുന്നു. ഈ നോട്ടുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചിരിക്കയാണ്. ഇതിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും തീവ്രവാദ വിരുദ്ധ സേനയുടെ അന്വേഷണമെന്നാണു പോലീസ് പറയുന്നത്.

നോട്ടു നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതിക വിദ്യ ഏതെന്നു കണ്ടെത്തിയാല്‍ റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരും. തുടര്‍ന്നായിരിക്കും എ ടി എസിന് അന്വേഷണം കൈമാറുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നേരത്തെ പിടികൂടിയ കള്ളനോട്ടുകളുമായി ഇതിനു ബന്ധമുണ്ടെങ്കില്‍ തീവ്രവാദ ബന്ധത്തിലേക്കും മറ്റും അ്‌ന്വേഷണം നീളും.

മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശനം നേടിയതോടെ ഇവരെ ചോദ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. എവിടെ നിന്നാണു കള്ളനോട്ട് കിട്ടിയത് എന്ന ചോദ്യത്തിനു കൃത്യമായി മറുപടി നല്‍കാതെ വിഷാദ രോഗം ബാധിച്ചപോലെ പെരുമാറുകയായിരുന്നു ഇവര്‍.

ജിഷ അറസ്റ്റിലായതോടെ ഇവരുടെ ഒരു പുരുഷ സുഹൃത്ത് ഒളിവില്‍ പോയിട്ടുണ്ട്. ഇയാളെ പിടികൂടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പോലീസ് കരുതുന്നത്.

ജിഷമോളുടെ ഫോണ്‍ പരിശോധിച്ചു വരുന്നതായി ആലപ്പുഴ സൗത്ത് സി ഐ എസ് അരുണ്‍ പറഞ്ഞു.

Latest