Connect with us

Kerala

വാടക കെട്ടിടത്തില്‍ നിന്നും കള്ളനോട്ടും നോട്ടടി യന്ത്രങ്ങളും കണ്ടെടുത്തു

ഷീറ്റില്‍ പ്രിന്റ് ചെയ്ത നൂറ്റമ്പതോളം നോട്ടുകളാണ് ലഭിച്ചത്.

Published

|

Last Updated

അടൂര്‍ | കള്ളനോട്ടും നോട്ടടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും വാടകക്ക് താമസിച്ച കെട്ടിടത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇവിടെ വാടകക്ക് താമസിച്ചിരുന്നയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഴംകുളം പ്ലാന്റേഷന്‍ ജങ്ഷന് സമീപം എം ടി ആര്‍ കോട്ടേജില്‍ ധ്യാന്‍ റാവുത്തറുടെ ഇരുനില കെട്ടിടത്തിലെ മുകളിലത്തെ നില മാങ്കോട് സ്വദേശിക്ക് വാടകക്ക് നല്‍കിയിരുന്നു. ഇവിടെ നിന്നുമാണ് 2000, 500, 100 കള്ളനോട്ടുകള്‍ കണ്ടെടുത്തത്. ഷീറ്റില്‍ പ്രിന്റ് ചെയ്ത നൂറ്റമ്പതോളം നോട്ടുകളാണ് ഇവിടെ നിന്നും ലഭിച്ചത്.

ആറ് മാസം മുമ്പാണ് മാങ്കോട് സ്വദേശിക്ക് കെട്ടിടത്തിന്റെ മുകളിലത്തെ നില വാടകക്ക് കൊടുത്തത്. തുടക്കത്തില്‍ വാടകക്കെടുത്തയാള്‍ കുടുംബ സമേതമാണ് താമസിക്കാന്‍ എത്തിയത്. സ്‌കൂളുകളിലേക്ക് ബുക്ക് പ്രിന്റ് ചെയ്യുന്നതിനായാണെന്ന് ഉടമയെ ധരിപ്പിച്ചാണ് മുറി വാടകക്കെടുത്തതെന്ന് വീട്ടുടമ പറഞ്ഞു. ഏറെ നാളായി വാടകക്കാരന്‍ വരാത്തതിനെ തുടര്‍ന്ന് വീട്ടുടമ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മുകളിലത്തെ നിലയില്‍ കിടക്കുന്ന സാധനങ്ങള്‍ മാറ്റുന്നതിനായി വൃത്തിയാക്കാന്‍ തുറന്നപ്പോഴാണ് കാര്‍ഡ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത നോട്ട് കണ്ടത്. ഇവ പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച പ്രിന്റര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളും മുറിയിലുണ്ടായിരുന്നു. ഇതോടെ വീട്ടുടമ വിവരം പഞ്ചായത്തംഗമായ ഷമീനെ അറിയിച്ചതിനെ തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

അടൂര്‍ ഡിവൈ എസ് പി. ബിനു, എസ് എച്ച് ഒ. ടി ഡി പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കള്ളനോട്ടും യന്ത്രവും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest