Connect with us

kerala bjp

കള്ളപ്പണം കണ്ണു മഞ്ഞളിപ്പിച്ചു; ബി ജെ പി തെളിവെടുപ്പു പൂര്‍ത്തിയായി

സ്ഥാനാര്‍ഥികള്‍ക്കും താഴെ തട്ടിലെ പ്രവര്‍ത്തകര്‍ക്കും പണം ലഭിച്ചില്ലെന്നും മേല്‍ത്തട്ടിലെ നേതാക്കള്‍ കേന്ദ്ര വിഹിതവും അവിഹിതമായി വന്ന പണവും പങ്കിട്ടെടുത്തു എന്നുമായിരുന്നു പരാതി.

Published

|

Last Updated

കോഴിക്കോട് | നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബി  ജെ പിക്കുണ്ടായ കനത്ത തിരിച്ചടിയെ കുറിച്ച് തയ്യാറാക്കിയ അന്വേഷിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ അവിഹിതമായി ലഭിച്ച പണത്തിനു മുന്നില്‍ നേതൃത്വത്തിന്റെ കണ്ണുമഞ്ഞളിച്ചതായി പ്രധാന കണ്ടെത്തല്‍. എല്ലാ ജില്ലകളിലും സമിതി നേരിട്ടെത്തി നടത്തിയ തെളിവെടുപ്പില്‍ പരാതിയുടെ കൂമ്പാരമായിരുന്നു.  തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്ന ആരോപണം കത്തിനില്‍ക്കുമ്പോഴായിരുന്നു തെളിവെടുപ്പ് എന്നതിനാല്‍ ഇതു സംബന്ധിച്ച് വലിയ പരാതികളാണ് ഉയര്‍ന്നത്. സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

സ്ഥാനാര്‍ഥികള്‍ക്കും താഴെ തട്ടിലെ പ്രവര്‍ത്തകര്‍ക്കും പണം ലഭിച്ചില്ലെന്നും മേല്‍ത്തട്ടിലെ നേതാക്കള്‍ കേന്ദ്ര വിഹിതവും അവിഹിതമായി വന്ന പണവും പങ്കിട്ടെടുത്തു എന്നുമായിരുന്നു പരാതി. പണം ഇല്ലാതെ ഇനി ഒരു പ്രവര്‍ത്തനത്തിനും ആളെ കിട്ടില്ലെന്നും നേതാക്കള്‍ സമിതിക്കു മുന്നില്‍ ചൂണ്ടിക്കാട്ടി. പണം ധാരാളം വന്നപ്പോള്‍ 2016ലേത് പോലെ സംഘ്പരിവാര്‍ ഏകോപനം പോലും വേണ്ടെന്നു വച്ചു.  സുപ്രധാന മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമമുണ്ടായെന്നും സംഘത്തിന് പരാതി ലഭിച്ചു.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും പ്രചാരണത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതും പരിഹാസ്യമായി. ഇതു തിരിച്ചടിക്കു കാരണമായി. കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രന്‍ മത്സരിച്ചിരുന്നത്. പണം ധാരാളം വന്നപ്പോള്‍ തിരഞ്ഞെടുപ്പില്‍ മതിയായ മുന്നൊരുക്കം നടത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. ഇതിനിടെ ബി ഡി ജെ എസ് പ്രാദേശിക നേതാക്കള്‍ പരസ്യമായി ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും കീഴ്ഘടകങ്ങള്‍ പരാതിപ്പെട്ടിട്ടുണ്ട്. താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയിട്ടുള്ളത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കീഴ്ഘടകങ്ങളില്‍ നിന്നുണ്ടായതെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റില്‍ വിജയിച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയത്. ബാക്കിയുള്ള 41 സീറ്റില്‍ യു ഡി എഫ് ജയിച്ചു. സിറ്റിംഗ് സീറ്റായ നേമം പോലും കൈവിട്ട എന്‍ ഡി എയ്ക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്