Kerala
മംഗളൂരുവിലെ കള്ളനോട്ട് കേസ്: ചെര്‍ക്കളയിലെ പ്രിന്റിംഗ് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി
മംഗളൂരു സൈബര്‍ ഇക്കണോമിക്‌സ് ആന്റ് ആന്റി നര്‍ക്കോട്ടിക്‌സ് എസ് ഐ കൃഷ്ണ ബായാറും സംഘവുമാണ് പരിശോധന നടത്തിയത്.
കാസര്‍കോട് | മംഗളൂരുവിലെ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ കര്‍ണാടക പോലീസും, വിദ്യാനഗര്‍ പോലീസും സംയുക്ത പരിശോധന നടത്തി. കള്ളനോട്ട് കേസില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് സ്വദേശികളായ മൂന്ന് പേരടക്കം നാല് പേരെ മംഗളൂരു സി സി ബി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചെര്‍ക്കളയിലെ ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കൊളത്തൂര്‍ കരിച്ചേരി പെരളത്തെ വി പ്രിയേഷും ഉള്‍പ്പെട്ടിരുന്നു.
പ്രിയേഷാണ് സംഘത്തിന്റെ സൂത്രധാരനെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതേതുടര്‍ന്നാണ് പ്രിയേഷിനെയും കൂട്ടി കര്‍ണാടക പോലീസ് പ്രിന്റിംഗ് സ്ഥാപനത്തില്‍ തെളിവെടുപ്പ് നടത്തിയത്. മഷി കൃത്യമായി പതയാതെ കളഞ്ഞ നോട്ടുകളുടെ ഭാഗങ്ങളും, കമ്പ്യൂട്ടറുകളും, പ്രിന്ററും, നോട്ട് അടിക്കാന്‍ ഉപയോഗിച്ചിരുന്ന പേപ്പറുകളും ഇവിടെ നിന്ന് കണ്ടെത്തി.
മംഗളൂരു സൈബര്‍ ഇക്കണോമിക്‌സ് ആന്റ് ആന്റി നര്‍ക്കോട്ടിക്‌സ് എസ് ഐ കൃഷ്ണ ബായാറും സംഘവുമാണ് പരിശോധന നടത്തിയത്. വിദ്യാനഗര്‍ സി ഐ യു പി വിപിന്റെ നേതൃത്വത്തിലും പ്രസില്‍ പരിശോധന നടന്നു. പ്രിയേഷിന് പുറമെ മല്ലം കല്ലുകണ്ടത്തെ കെ വിനോദ് കുമാര്‍, പെരിയ കുണിയ വടക്കുംകരയിലെ അബ്ദുല്‍ ഖാദര്‍, കര്‍ണാടക പുത്തൂര്‍ ബെല്‍നാട് ബെളിയൂര്‍ക്കട്ടയിലെ അയൂബ്ഖാന്‍ എന്നിവരെയും മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. 500 രൂപയുടെ 427 കള്ളനോട്ടുകളാണ് വിതരണത്തിനിടെ നാലംഗ സംഘത്തില്‍ നിന്നും പിടികൂടിയത്. പ്രതികള്‍ റിമാന്‍ഡിലാണ്.