National
മിസോറാമില്‍ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് മാറ്റി
മിസോറാമിലെ ജനങ്ങള്‍ക്ക് ഒരു പ്രത്യേക പ്രാധാന്യമുള്ള ദിനമാണ് ഡിസംബര്‍ മൂന്ന് ഞായറാഴ്ച. ഇക്കാര്യം പരിഗണിച്ചാണ് തീരുമാനമെന്ന്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഐസ്വാള്‍ | മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി ഡിസംബര്‍ നാലിലേക്ക് മാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.വോട്ടെണ്ണല്‍ തീയതി ഡിസംബര്‍ മൂന്നില്‍ നിന്ന് മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റണമെന്ന് നിരവധി അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മിസോറാമിലെ ജനങ്ങള്‍ക്ക് ഒരു പ്രത്യേക പ്രാധാന്യമുള്ള ദിനമാണ് ഡിസംബര്‍ മൂന്ന് ഞായറാഴ്ച. ഇക്കാര്യം പരിഗണിച്ചാണ് തീരുമാനമെന്ന്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വോട്ടെടുപ്പിന് മുമ്പ് തന്നെ മിസോറാമിലെ വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഏകകണ്ഠമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഞായറാഴ്ച ക്രിസ്തുമത വിശ്വാസികളുടെ പുണ്യദിനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ക്രിസ്ത്യന്‍ സമുദായത്തിന് ആധിപത്യമുള്ള സംസ്ഥാനമായ മിസോറാമിലെ വോട്ടെണ്ണല്‍ തീയതി ഞായറാഴ്ചയാകുന്നത് ബുദ്ധിമുട്ടാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇതിനെ ബിജെപിയും കോണ്‍ഗ്രസും ഭരണകക്ഷിയായ എംഎന്‍എഫും ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചു.ഭരണകക്ഷിയായ എംഎന്‍എഫ്, ബിജെപി, കോണ്‍ഗ്രസ്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളാണ് കത്തയച്ചത്.