Connect with us

National

രത്തൻ ടാറ്റക്ക് വിട നൽകി രാജ്യം; വ്യവസായ കുലപതി ഇനി ഓർമ

പാഴ്സി ആചാരപ്രകാരം വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം.

Published

|

Last Updated

മുംബൈ | വ്യവസായ രംഗത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ രത്തൻ ടാറ്റ ഇനി ഓർമ. അദ്ദേഹത്തിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വോർലി ശ്മശാനത്തിൽ സംസ്കരിച്ചു. പാഴ്സി ആചാരപ്രകാരം വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം.

തെക്കൻ മുംബൈയിലെ നരിമാൻ പോയിന്റിലെ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിൽ (എൻസിപിഎ) വ്യാഴാഴ്ച രാവിലെ 10.30 മുതൽ വൈകുന്നേരം 4 വരെ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം അന്ത്യകർമങ്ങൾക്കായി വോർലി ശ്മശാനത്തിലേക്ക് കൊണ്ടുപോയി.

കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രത്തൻ ടാറ്റയുടെ അന്ത്യകർമങ്ങളിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, മറ്റ് മന്ത്രിമാർ, അംബാനി സഹോദരങ്ങൾ ഉൾപ്പെടെ പ്രമുഖ ബിസിനസുകാർ തുടങ്ങിയവർ സ്ഥലത്ത് സന്നിഹിതരായിരുന്നു.

മഹാരാഷ്ട്രയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ത്രിവർണ്ണ പതാക പകുതി താഴ്ത്തിക്കെട്ടി. വിനോദ പരിപാടികൾ റദ്ദാക്കി.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു 86കാരനായ രത്തൻ ടാറ്റയുടെ അന്ത്യം.

---- facebook comment plugin here -----

Latest