Connect with us

coal crisis in india

ഊർജ പ്രതിസന്ധിയിൽ രാജ്യം; കരുതലോടെ കേരളം

പ്രതിസന്ധി തുടർന്നാൽ ലോഡ്ഷെഡ്ഡിംഗ്. ഇന്ന് ഉന്നതതല യോഗം

Published

|

Last Updated

തിരുവനന്തപുരം | കൽക്കരി ക്ഷാമത്തെ തുടർന്ന് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധി ഒരാഴ്ച കൂടി തുടർന്നാൽ സംസ്ഥാനം ലോഡ്ഷെഡ്ഡിംഗിലേക്ക് നീങ്ങേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ കൂടിയാലോചിക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് രാവിലെ 8.30ന് നിയമസഭയിൽ ചേരുന്ന യോഗത്തിൽ കെ എസ് ഇ ബി ചെയർമാൻ, ബോർഡ് ഡയറക്ടർമാർ പങ്കെടുക്കും. ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രിയടക്കമുള്ളവരുമായി ചർച്ച ചെയ്ത് കൂടുതൽ നടപടികളിലേക്ക് കടക്കും. അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ലോഡ്ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടെന്നാണ് കേരളത്തിന്റെ തീരുമാനം.

ലഭ്യതയിൽ വൻ കുറവ്
കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി മുടങ്ങിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ കൈവശമുള്ള സംവിധാനങ്ങൾ പരമാവധി ഉപയോഗിച്ച് ഒരാഴ്ച കൂടി മുന്നോട്ട് പോകാനാണ് തീരുമാനം. നിലവിലെ സ്ഥിതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കേണ്ടി വരുമെന്നാണ് വൈദ്യുതി മന്ത്രി സർക്കാറിനെ അറിയിച്ചത്. നിലവിൽ കേന്ദ്ര വിഹിതത്തിൽ മുന്നൂറ് മെഗാവാട്ടിന്റെ കുറവാണുള്ളത്.

കേന്ദ്ര പൂളിൽ നിന്നുണ്ടായ കുറവിന് പുറമേ കൂടംകുളം താപവൈദ്യുത നിലയവും വിതരണം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ആയിരം മെഗാവാട്ട് ലഭിച്ചിരുന്ന ഇവിടെ നിന്ന് കഴിഞ്ഞയാഴ്ച 275 മെഗാവാട്ട് മാത്രമാണ് ലഭിച്ചത്. പീക്ക് അവറുകളിലാണ് ഇത് ഉപയോഗിച്ചിരുന്നത്.

കൽക്കരി ക്ഷാമം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. പകൽ 2,500 മെഗാവാട്ടും രാത്രിയിൽ 3,500 മെഗാവാട്ടും വൈദ്യുതിയാണ് കേരളത്തിന്റെ ഉപഭോഗം. അണക്കെട്ടുകളിൽ വേണ്ടത്ര വെള്ളമുള്ളതിനാൽ ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. താപവൈദ്യുത നിലയങ്ങളിൽ നിന്ന് വാങ്ങുന്ന വൈദ്യുതിയാണ് കൽക്കരി ക്ഷാമത്തെ തുടർന്ന് നിലച്ചത്.

നിയന്ത്രണം വേണം
വൈദ്യുതി ക്ഷാമം തുടർന്നാൽ വൈകിട്ട് ആറ് മുതൽ 11 വരെയുള്ള സമയത്ത് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ എസ് ഇ ബി സർക്കാറിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂനിറ്റിന് 18 രൂപ നൽകിയാണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി ബോർഡിന് സൃഷ്ടിക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest