Connect with us

omicron varient

ഒമിക്രോണിൽ വിറച്ച് രാജ്യം; കടുപ്പിച്ച് സംസ്ഥാനങ്ങൾ

യു പിയിലും മഹാരാഷ്ട്രയിലും രാത്രി കർഫ്യൂ. ഒരു ദിവസം 130 കേസ്

Published

|

Last Updated

ന്യൂഡൽഹി | ഒമിക്രോൺ വ്യാപന ആശങ്കക്കിടെ നിയന്ത്രണം ശക്തമാക്കി കൂടുതൽ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, ഡൽഹി എന്നിവക്ക് പുറമേ മധ്യപ്രദേശ്, ഉത്തർ പ്രദേശ്, കർണാടക, തമിഴ്‌നാട്, ജമ്മു കശ്മീർ സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിച്ചു. ഇന്നലെ മാത്രം 130 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം കേസ് സ്ഥിരീകരിക്കുന്നത്. ഇതോടെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 368 ആയി.

മധ്യപ്രദേശിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാത്രി 11 മുതൽ രാവിലെ അഞ്ച് വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരാനും സംസ്ഥാന സർക്കാർ നിർദേശം നൽകി.

ഉത്തർ പ്രദേശിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽ വരും. രാത്രി 11 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. വിവാഹങ്ങൾക്കും മറ്റ് സാമൂഹിക ഒത്തുചേരലുകൾക്കും ഇരുനൂറ് പേരാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായി ധരിക്കാനാണ് നിർദേശം.

കർണാടകയിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം 30 മുതൽ അടുത്ത മാസം രണ്ട് വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പബ്ബുകളിലും റസ്റ്റോറന്റുകളിലും പ്രവേശനം സീറ്റിംഗ് ശേഷിയുടെ അമ്പത് ശതമാനമായി പരിമിതപ്പെടുത്തി. ഇവിടെയുള്ള ജീവനക്കാർ രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചിരിക്കണം.

റോഡ് മാർഗം ജമ്മു കശ്മീരിലെത്തുന്ന എല്ലാവർക്കും ആന്റിജൻ പരിശോധന നിർബന്ധമാക്കി. പഞ്ചാബ്- ജമ്മു അതിർത്തിയായ ലഖാൻപൂരിലായിരിക്കും പരിശോധന.
ഹരിയാനയിലും രാത്രി കർഫ്യൂ ഏർപ്പെടുത്തി. പൊതുപരിപാടികളിൽ ഇരുനൂറ് പേരിൽ കൂടുതൽ പങ്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തി.

ഡൽഹിയിലും മഹാരാഷ്ട്രയിലും കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മുന്നിൽ മഹാരാഷ്ട്ര

മഹാരാഷ്ട്ര (88), ഡൽഹി (67), തെലങ്കാന (38), കേരളം (37), തമിഴ്‌നാട് (34), കർണാടക (31), ഗുജറാത്ത് (30), രാജസ്ഥാൻ (22), ഹരിയാന (നാല്), ഒഡീഷ (നാല്), ജമ്മു കശ്മീർ (മൂന്ന്), പശ്ചിമ ബംഗാൾ (മൂന്ന്), ആന്ധ്രാപ്രദേശ് (രണ്ട്), ഉത്തർ പ്രദേശ് (രണ്ട്), ചണ്ഡിഗഢ് (ഒന്ന്), ലഡാക് (ഒന്ന്), ഉത്തരാഖണ്ഡ് (ഒന്ന്) എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച 114 പേർക്ക് ഇതിനകം ഭേദമാകുകയോ രാജ്യം വിടുകയോ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര ( 42), ഡൽഹി (23), കർണാടക (15), ഗുജറാത്ത് (അഞ്ച്), രാജസ്ഥാൻ (19), ജമ്മു കശ്മീർ (മൂന്ന്), ഹരിയാന (രണ്ട്), ഉത്തർ പ്രദേശ് (രണ്ട്), പശ്ചിമ ബംഗാൾ (ഒന്ന്), ആന്ധ്രാപ്രദേശ് (ഒന്ന്), ലഡാക് (ഒന്ന്) എന്നിങ്ങനെയാണ് രോഗമുക്തി നേടുകയോ രാജ്യം വിടുകയോ ചെയ്തവരുടെ എണ്ണം.

Latest