Connect with us

Editorial

ലഹരിവേട്ട കേസിൽ അട്ടിമറി ശ്രമം?

മയക്കുമരുന്ന് ലോബികൾക്കു രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലകളിൽ ഉന്നതരുമായി ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇത്തരം ബന്ധമാണോ കാക്കനാട് മയക്കുമരുന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് സംശയിക്കപ്പെടേണ്ടതുണ്ട്.

Published

|

Last Updated

കൊച്ചി കാക്കനാട് ലഹരിമരുന്ന് കേസന്വേഷണം അട്ടിമറിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമം നടക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് അഡീഷനൽ കമ്മീഷണർ അബ്ദുർറാഷി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തു വലിയ വീഴ്ച സംഭവിച്ചെന്നും ഉന്നത ഉദ്യോഗസ്ഥരുമായി കൃത്യമായ ആശയവിനിമയം നടത്തുകയോ നിർദേശങ്ങൾ സ്വീകരിക്കുകയോ നടപടി ക്രമങ്ങൾ പാലിക്കുകയോ ചെയ്തില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതടിസ്ഥാനത്തിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്യുകയും എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറെയും മൂന്ന് പ്രിവന്റീവ് ഉദ്യോഗസ്ഥരെയും മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്ന് എക്‌സൈസ് കമ്മീഷണർ സർക്കാറിന് ശിപാർശ നൽകിയിട്ടുമുണ്ട്.

ആഗസ്റ്റ് 19ന് കാലത്താണ് കാക്കനാട്ടെ ഒരു സ്വകാര്യ ഹോട്ടലിൽ നിന്ന് മാരക മയക്കു മരുന്നായ എം ഡി എം എയുമായി ഏഴ് പേരെ എക്സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് ആദ്യം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഏഴ് പേരെ പിടികൂടിയതായി വ്യക്തമാക്കുകയും ചെയ്തിരുന്നു. പത്രക്കുറിപ്പോടൊപ്പം ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടു. എന്നാൽ ഇവരിൽ ഒരുയുവതിയെയും യുവാവിനെയും ഒഴിവാക്കി അഞ്ച് പേർ ഉൾക്കൊള്ളുന്ന പ്രതിപ്പട്ടികയാണ് കോടതിയിൽ സമർപ്പിച്ചത്. മാത്രമല്ല, നേരത്തേ ഒരു കിലോ എം ഡി എം എ പിടികൂടിയെന്ന് പറഞ്ഞത് 84 ഗ്രാമായി ചുരുങ്ങുകയും ചെയ്തു. ലഹരിമരുന്നിനൊപ്പം ഹോട്ടലിൽ നിന്നു മാൻ കൊമ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾ പിടികൂടിയ വിവരം മഹസറിൽ രേഖപ്പെടുത്തിയതുമില്ല. ലഹരി സംഘത്തിൽ നിന്നു 15,000 രൂപ പിടിച്ചെടുത്തെങ്കിലും 5,000 രൂപയെന്നാണ് മഹസറിൽ ചേർത്തത്. എക്സൈസ് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ യുവതി ലഹരിമരുന്നുമായി ഓടുന്നതിന്റെ സി സി ടി വി ദൃശ്യം പിന്നാലെ പുറത്തുവരികയും ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എൻഫോഴ്‌സ്‌മെന്റും പരിശോധനക്ക് എത്തിയപ്പോൾ രണ്ട് സ്ത്രീകൾ മുറിയിൽ നിന്ന് കവറുമായി പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പ്രതിപ്പട്ടികയിൽ രണ്ട് പേരെ ഒഴിവാക്കിയതെന്തിന്, പിടിച്ചെടുത്ത പലവസ്തുക്കളും എന്തുകൊണ്ട് മഹസറിൽ രേഖപ്പെടുത്തിയില്ല തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞതുമില്ല. ഇതോടെ കേസിൽ അട്ടിമറിശ്രമം നടന്നതായി സംശയം ഉയരുകയായിരുന്നു. മാത്രമല്ല, പ്രതികളിലൊരാളായ ഷബ്ന സഹപ്രതി ത്വയ്ബ എന്ന യുവതിയെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയതിനെ പരസ്യമായി ചോദ്യം ചെയ്യുകയുമുണ്ടായി. പ്രതികളെ മാധ്യമങ്ങൾക്ക് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയ ഈ സംഭവം. ഷബ്‌നയുടെ ബാഗിൽനിന്നാണ് അന്വേഷണസംഘം മാൻകൊമ്പ് പിടികൂടിയത്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സംഘം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിൽ 11 കോടി രൂപയുടെ മയക്കുമരുന്നാണ് എക്‌സൈസ് കാക്കനാട്ടെ ഹോട്ടലിൽ നിന്ന് കണ്ടെടുത്തത്. പ്രബല കണ്ണികളടങ്ങുന്ന വൻമയക്കു മരുന്ന് റാക്കറ്റാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. ചെന്നൈയിൽ നിന്ന് ആഡംബര കാറിൽ സ്ത്രീകളും വിദേശ ഇനത്തിൽ പെട്ട നായ്ക്കളുമായി കുടുംബസമേതമെന്ന വ്യാജേന യാത്ര ചെയ്യുന്ന സംഘം ചെക് പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തുന്നത്. എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകക്കെടുത്താണ് സംഘത്തിന്റെ താമസം. ഇവർ കൊച്ചിയിൽ പലപ്പോഴും ഡി ജെ ലഹരി പാർട്ടികൾ നടത്താറുണ്ടെന്നും കൊവിഡ് കാലത്തും നാല് കേന്ദ്രങ്ങളിൽ പാർട്ടികൾ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം, കോഴിക്കോട,് കാസർകോട് ജില്ലകളിൽ നിന്നുള്ളവരടങ്ങുന്നതാണ് സംഘം. കൂടുതൽ തെളിവുകൾക്കായി എക്സൈസ് സംഘം ഗോവ, പോണ്ടിച്ചേരി, ബെംഗളൂരു എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ്.

വർഷങ്ങളായി മയക്കു മരുന്ന് മാഫിയയുടെ ഇടത്താവളവും മുഖ്യവിപണന കേന്ദ്രവുമാണ് കൊച്ചി. 2018 സെപ്തംബർ 29ന് കൊറിയർ സർവീസ് മുഖേന കടത്താൻ ശ്രമിക്കുകയായിരുന്ന 200 കോടി രൂപയുടെ എം ഡി എം എ മയക്കുമരുന്ന് എക്‌സൈസ് വകുപ്പ് പിടികൂടിയിരുന്നു. അതേവർഷം ഡിസംബർ 16ന് സിനിമാ, സീരിയൽ നടി അശ്വതി ബാബുവിന്റെ തൃക്കാക്കരയിലുള്ള ഫ്ലാറ്റിൽ നിന്ന് എം ഡി എം എയുടെ വൻശേഖരം പിടികൂടി. ബെംഗളൂരുവിൽ നിന്ന് മയക്കു മരുന്ന് എത്തിച്ചു നടിയും സുഹൃത്തുക്കളും ഫ്ലാറ്റിൽ ലഹരിപാർട്ടികളും വിൽപ്പനയും നടത്തിവരികയായിരന്നു. നാല് മാസം മുമ്പാണ് ഇന്ത്യൻ നാവികസേന കൊച്ചി കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഒരു മത്സ്യബന്ധന കപ്പലിൽ നിന്ന് 3,000 കോടി രുപ വിലമതിക്കുന്ന 300 കിലോ ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. രണ്ട് മാസം മുമ്പ് ഖത്വർ എയർവേയ്സ് വിമാനത്തിൽ കൊച്ചി എയർപോർട്ടിൽ വന്നിറങ്ങിയ സിംബാവെ സ്വദേശിയായ യുവതിയിൽ നിന്ന് കോടികൾ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു.

കൊച്ചിയിൽ പലയിടങ്ങളിലും ലഹരിപ്പാർട്ടിയും മയക്കുമരുന്ന് വിപണനവും നടക്കുന്നുണ്ടെന്നത് ഒരു രഹസ്യമല്ല. കഴിഞ്ഞ വർഷം െബംഗളൂരു ലഹരിക്കടത്തു കേസിൽ പിടിയിലായ മയക്കു മരുന്ന് കടത്തിലെ വൻകണ്ണി അനൂപ് മുഹമ്മദിനു കൊച്ചിയിലെ നിശാവിരുന്നു സംഘാടകരുമായുള്ള ബന്ധം കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതാണ്. സിനിമയിലെ പല പ്രമുഖരും ഉദ്യോഗസ്ഥരുമെല്ലാം ഇത്തരം പാർട്ടികളിലെ പതിവ് സാന്നിധ്യവുമാണ്.
മയക്കുമരുന്ന് ലോബികൾക്കു രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലകളിൽ ഉന്നതരുമായി ബന്ധമുള്ളതായി അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതിൽ നിന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തു. ഇത്തരം ബന്ധമാണോ കാക്കനാട് മയക്കുമരുന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനു പിന്നിലെന്നു സംശയിക്കപ്പെടേണ്ടതുണ്ട്. ഇതുസംബന്ധിച്ചു സമഗ്ര അന്വേഷണം നടക്കേണ്ടതുണ്ട്.