Connect with us

online loan app

ദമ്പതികളുടെ ആത്മഹത്യ: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

കര്‍ത്ത ലോണ്‍, ഹാപ്പി വാലറ്റ് എന്നീ പേരുകളിലുള്ള ആപ്പില്‍ നിന്നു സന്ദേശങ്ങള്‍ വരുന്നുണ്ട്

Published

|

Last Updated

കൊച്ചി | എറണാകുളം കടമക്കുടിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആത്മഹത്യ ചെയ്ത ശില്‍പയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. ശില്‍പയുടെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചതും വിവിധ നമ്പറുകളിലേക്കു മെസേജ് അയച്ചതും അന്വേഷിക്കുമെന്നു പോലീസ് അറിയിച്ചു. നിലവില്‍ നരഹത്യ ചുമത്തിയാണ് കേസ്. ആപ്പിന്റെ വിശദാംശങ്ങള്‍ ലഭിച്ചാല്‍ അവരെ കൂടി പ്രതിചേര്‍ത്താകും അന്വേഷണം.

കടമക്കുടിയില്‍ നിജോയും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഏത് ആപ്പ് ആണെന്നു കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. നിജോയുടെ ഭാര്യ ശില്‍പയുടെ ഫോണ്‍ പരിശോധിച്ചാല്‍കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു കരുതുന്നത്. സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ഉടന്‍ ഫോണ്‍ പരിശോധിക്കും. കര്‍ത്ത ലോണ്‍, ഹാപ്പി വാലറ്റ് എന്നീ പേരുകളിലുള്ള ആപ്പില്‍ നിന്നു വിവിധ നമ്പറുകളിലേക്കു സന്ദേശങ്ങള്‍ വരുന്നുണ്ട്. വായ്പ എടുക്കാന്‍ നേരം ആപ്പിലേക്ക് അധിക വിവരങ്ങളുടെ ഭാഗമായി നല്‍കിയ നമ്പരുകളിലേക്കാണ് സന്ദേശം എത്തുന്നത്.

നാലംഗ കുടുംബത്തിന്റെ ആത്മഹത്യക്ക് ശേഷവും ബന്ധുക്കളുടെ ഫോണിലേക്ക് ഭീഷണി സന്ദേശം തുടരുകയാണ്. ശില്‍പയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ വച്ചുള്ള സന്ദേശങ്ങള്‍ എത്തിയതില്‍ സഹോദരനും പരാതി നല്‍കിയിട്ടുണ്ട്. കൂനമ്മാവിലുള്ള ഫെഡറല്‍ ബാങ്ക് ശാഖയിലാണ് ശില്‍പയുടെ അക്കൗണ്ട്. ഈ അക്കൗണ്ടിലേക്ക് പണം വന്നതിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.