National
വീട്ടിനുള്ളില്‍ ദമ്പതികളും മൂന്ന് മക്കളും കൊല്ലപ്പെട്ട നിലയില്‍
കുട്ടികളെല്ലാം പത്ത് വയസില്‍ താഴെയുള്ളവരാണ്
മീററ്റ് | ഉത്തര്‍പ്രദേശിലെ മീററ്റില്‍ അഞ്ചംഗ കുടുംബത്തെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദമ്പതികളും മൂന്ന് പെണ്മക്കളുമാണ് മരിച്ചത്. കുട്ടികളെല്ലാം പത്ത് വയസില്‍ താഴെയുള്ളവരാണ്. ഉത്തര്‍പ്രദേശിലെ മീററ്റ് ലിസാരി ഗേറ്റ് ഏരിയയിലെ പ്രദേശവാസിയായ മോയിന്‍, ഭാര്യ അസ്മ മക്കളായ അഫ്സ (8), അസീസ (4), അദിബ (1) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാത്രിയോടെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങളുടെയെല്ലാം തലയില്‍ ഗുരുതരമായി പരുക്കുണ്ട്.
വീടിന്റെ മുന്‍വാതില്‍ പൂട്ടിയ നിലയിലായിരുന്നു.ദമ്പതികളുടെ മൃതദേഹം നിലത്തും മക്കളുടേത് കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. മരിച്ചവരില്‍ ഒരാളുടെ കാലുകള്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ്. അടുത്തിടെയാണ് കുടുംബം ഈ പ്രദേശത്ത് താമസം ആരംഭിച്ചത്. മുന്‍ വൈരാഗ്യമായിരിക്കാം കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച മുതല്‍ കുടുംബത്തെ വീടിനുപുറത്ത് കണ്ടിരുന്നില്ല. തുടര്‍ന്ന് മോയിന്റെ സഹോദരനും ഭാര്യയും വീട്ടിലെത്തി. പല തവണ ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വീടിനുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.