National
ഹണിട്രാപ്പിലൂടെ ബിസിനസുകാരില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍
300 പേരില്‍നിന്ന് ദമ്പതികള്‍ 20 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് വിവരം.
ഗാസിയാബാദ്| ഹണിട്രാപ്പിലൂടെ ബിസിനസുകാരില്‍നിന്ന് പണം തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സെക്‌സ് ചാറ്റും വിഡിയോ കോളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 100ല്‍ അധികം ബിസിനസുകാരില്‍നിന്ന് ദമ്പതികള്‍ പണം തട്ടുകയായിരുന്നു.
യോഗേഷ്, സപ്ന ഗൗതം എന്നിവരാണ് അറസ്റ്റിലായത്. 300 പേരില്‍നിന്ന് ഇവര്‍ 20 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് വിവരം. തട്ടിപ്പില്‍ 30 സ്ത്രീകള്‍ക്കും പങ്കുള്ളതായി പോലീസ് പറഞ്ഞു.
സ്ത്രീകളെ ഉപയോഗിച്ച് ബിസിനസുകാര്‍, പ്രഫഷനലുകള്‍ തുടങ്ങിയവരെ വലവീശുന്നതാണ് ദമ്പതികളുടെ രീതി. സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് സെക്‌സ് ചാറ്റും വിഡിയോകോളും നടത്തും. ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവെന്ന് പോലീസ് വ്യക്തമാക്കി.
ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കമ്പനി ഉടമയില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികെള അറസ്റ്റ് ചെയ്തത്. ഗാസിയാബാദ് ആസ്ഥാനമായ ഒരു ബേങ്ക് അക്കൗണ്ടിലേക്ക് തന്റെ ജീവനക്കാരന്‍ കമ്പനിയുടെ ഔദ്യോഗിക ബേങ്ക് അക്കൗണ്ടില്‍നിന്ന് 80 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലായിരുന്നു അന്വേഷണം ആരംഭിച്ചത്. ഇതോടെ ദമ്പതികള്‍ രാജ്‌കോട്ട് പോലീസിന്റെ നിരീക്ഷണത്തിലാകുകയായിരുന്നു. വെള്ളിയാഴ്ചയാണ് യോഗേഷിനെയും സപ്നയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം മറ്റു മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.