Life Mission
ഹജ്ജിന് പോകാൻ കരുതിവെച്ച ഭൂമി ലൈഫ് പുനരധിവാസ പദ്ധതിയിലേക്ക് സംഭാവന ചെയ്ത് ദമ്പതികൾ
ആറന്മുള വല്ലന സ്വദേശികളായ ഹനീഫ- ജാസ്മിൻ ദമ്പതികളാണ് ഹജ്ജ് തുക കണ്ടെത്തുന്നതിന് വേണ്ടി വിൽക്കാൻവെച്ച 28 സെന്റ് ഭൂമി സംഭാവന ചെയ്തത്.
കോഴഞ്ചേരി | ഹജ്ജിന് പോകാൻ തുക കണ്ടെത്തുന്നതിനായി കരുതിവെച്ച ഭൂമി ലൈഫ് ഭൂരഹിതരുടെ പുനരധിവാസത്തിനായി ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലേക്ക് സംഭാവന ചെയ്ത് ദമ്പതികൾ. കോഴഞ്ചേരി ആറന്മുള വല്ലന സ്വദേശികളായ ഹനീഫ- ജാസ്മിൻ ദമ്പതികളാണ് ഹജ്ജ് തുക കണ്ടെത്തുന്നതിന് വേണ്ടി വിൽക്കാൻവെച്ച 28 സെന്റ് ഭൂമി സംഭാവന ചെയ്തത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത നിരവധി കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെ ഇരുവരും ഈ തീരുമാനമെടുത്തത്.
മകൻ നിസാമും അടൂർ താലുക്ക് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരിയായ മകൾ നിസയും മാതാപിതാക്കളുടെ ആഗ്രഹത്തെ പിന്തുണച്ചു. ആറന്മുള മണ്ഡലം പ്രതിനിധി കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഭൂമിയുടെ പ്രമാണങ്ങൾ ഇവരിൽ നിന്ന് സ്വീകരിച്ചത്. കണ്ണുകൾ നിറഞ്ഞ നിമിഷങ്ങളായിരുന്നു അതെന്ന് മന്ത്രി പ്രതികരിച്ചു. 78 സെന്റിൽ 28 സെന്റ് സ്ഥലമാണ് അവർ ലൈഫ് മിഷന് വേണ്ടി നൽകിയത്.