Connect with us

Kerala

ലൗ ജിഹാദ് ആരോപിച്ച് വധ ഭീഷണി; ഝാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ക്ക് കേരളത്തില്‍ സംരക്ഷണം

സംരക്ഷണമൊരുക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം

Published

|

Last Updated

കൊച്ചി | പ്രണയ വിവാഹം ലൗ ജിഹാദാണെന്നാരോപിച്ച് വധ ഭീഷണി നേരിട്ട ഝാര്‍ഖണ്ഡ് സ്വദേശികളായ നവ ദമ്പതികള്‍ക്ക് കേരളത്തില്‍ സംരക്ഷണമൊരുക്കാന്‍ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. കായംകുളം എസ് എച്ച്
ഒ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഇരുമതങ്ങളില്‍പ്പെട്ട ഝാര്‍ഖണ്ഡ് സ്വദേശികളായ ആശാ വര്‍മയും ഗാലിബും ലൗ ജിഹാദ് ആരോപിച്ചുള്ള ആക്രമണം ഭയന്നാണ് കേരളത്തിലെത്തി ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ പോലീസിനോട് വിശദീകരണം തേടിയ ശേഷമാണ് ഹൈക്കോടതി വിധി.

പ്രണയത്തിലായിരുന്നു ഗാലിബും ആശയും. ഇതിനിടെ ആശക്ക് വീട്ടുകാര്‍ വിവാഹം ആലോചിച്ചു. ഇക്കാര്യം ആശ ഗാലിബിനെ അറിയിച്ചു. ഇതോടെ ആശയുടെ വീട്ടുകാരും ചില ബന്ധുക്കളും പ്രശ്നമുണ്ടാക്കുകയും ആക്രമണത്തിന് മുതിരുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരമാണ് ഗാലിബും ആശയും ആലപ്പുഴയില്‍ എത്തിയത്. ഫെബ്രുവരി ഒമ്പതിന് ആലപ്പുഴയില്‍ എത്തിയ ഇരുവരും ഫെബ്രുവരി 11ന് വിവാഹിതരായി. പിന്നാലെ ഇവരെ തേടി ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോയില്ല. ജാര്‍ഖണ്ഡില്‍ തങ്ങള്‍ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്ന് ദമ്പതികള്‍ പറഞ്ഞിരുന്നു.

വിവാഹ ശേഷവും ഇരുവരും മതം മാറിയിട്ടില്ല. ഇരുവരുടെയും മത വിശ്വാസങ്ങളില്‍ തുടരുന്നു. ആശ ഗാലിബിനൊപ്പം എത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഇക്കാര്യം ജാര്‍ഖണ്ഡ് പോലീസിനേയും അറിയിച്ചിരുന്നുവെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.

 

Latest