editorial
പരസ്യബോർഡുകൾക്കെതിരെ കോടതി വീണ്ടും
കോടതി ഉത്തരവുകളോ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള മുനിസിപാലിറ്റി ആക്ട് വ്യവസ്ഥകളോ പാലിക്കുന്നില്ല പലരും. ഇവർക്കെതിരെ തദ്ദശേസ്ഥാപനങ്ങൾ നടപടി സ്വീകരിക്കാറുമില്ല. രാഷ്ട്രീയ ബന്ധമുൾപ്പെടെ ഉന്നതങ്ങളിലുള്ള സ്വാധീനമായിരിക്കും കാരണം. നിയമനിർമാതാക്കൾ തന്നെ നിയമലംഘനത്തിന് കൂട്ടൂനിൽക്കുന്നു.

നിരത്തുകൾ പരസ്യബോർഡുകൾ കൈയടക്കുന്നതിനെതിരെ വീണ്ടും ശക്തമായി പ്രതികരിച്ചിരിക്കുന്നു ഹൈക്കോടതി. നിരത്തുകളിൽ നിയമവിരുദ്ധമായി പരസ്യബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന പ്രവണത തുടരുകയാണ്. ബോർഡുകൾ സ്ഥാപിക്കരുതെന്ന കോടതി ഉത്തരവുകൾ ലംഘിക്കപ്പെടുന്നു. ടൺ കണക്കിന് ബോർഡുകൾ മാറ്റുമ്പോൾ അതിനേക്കാൾ കൂടുതൽ ബോർഡുകൾ പിന്നെയും സ്ഥാപിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പാർട്ടികൾ കരുതുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ മാത്രമല്ല, രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സമ്മേളന പ്രചാരണ ബോർഡുകളും ജനപ്രതിനിധികളെ പ്രശംസിച്ചുള്ള ബോർഡുകളും വ്യാപകമാണ് നിരത്തുകളുടെ ഇരുവശങ്ങളിലും. പരിസ്ഥിതിക്ക് ദോഷകരമാണ് ഫ്ലക്‌സ് ബോർഡുകളെന്ന് കോടതിയും പരിസ്ഥിതി വിദഗ്ധരും നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും ഫ്ലക്‌സ് ബോർഡുകൾക്ക് ഇപ്പോഴും കുറവില്ല. സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്ന ശുചിത്വ കേരളമെന്ന സങ്കൽപ്പത്തിന് കടകവിരുദ്ധമാണിത്. ടൂറിസം പ്രോത്സാഹനത്തിന് വൻപദ്ധതികൾ തയ്യാറാക്കി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് സർക്കാർ. എന്നാൽ കോടതി ചൂണ്ടിക്കാട്ടിയതു പോലെ ടൂറിസത്തിന്റെ അടിസ്ഥാന ഘടകം ശുചിത്വമാണ്. പരസ്യബോർഡുകളും തോരണങ്ങളും കേരളീയ പരിസരങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്.
കാൽനട യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷക്ക് ഭീഷണിയാണ് ഇത്തരം ബോർഡുകൾ. വർധിച്ചുവരുന്ന വാഹനാപകടങ്ങളിൽ ബോർഡുകൾക്ക് പ്രധാന പങ്കുണ്ട്. അത്യാകർഷക പരസ്യങ്ങളിൽ യാത്രക്കരുടെയും ഡ്രൈവർമാരുടെയും കണ്ണുകൾ ഉടക്കി അപകടങ്ങളുണ്ടാകാറുണ്ട്. പരസ്യബോർഡുകൾ തകർന്നു വീണ് വഴിയാത്രക്കാർ മരിക്കുകയും പരുക്കേൽക്കുകയും ചെയ്ത സംഭവങ്ങൾ ധാരാളം. കഴിഞ്ഞ മെയിൽ മുംബൈ ഘാട്‌കോപ്പറിൽ പരസ്യബോർഡ് തകർന്നു വീണ് 16 പേർ മരിക്കുകയും 50 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കോഴിക്കോട് കൊടുവള്ളിയിൽ ഫുട്‌ബോൾ ടൂർണമെന്റ്നടക്കുന്ന ഗ്രൗണ്ടിന്റെ ഗ്യാലറിക്ക് പിന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് തകർന്നു വീണ് പത്തോളം പേർക്ക് പരുക്കേറ്റു. പാലക്കാട് കണ്ണനൂരിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരാൾ മരിക്കാനിടയായ കാറപകടത്തിന് കാരണം പരസ്യബോർഡാണ്. റോഡരികിലെ ബോർഡിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. ഒഡിഷയിലെ ചുഴലിക്കാറ്റിലുണ്ടായ മരണങ്ങളിൽ നല്ലൊരു പങ്കും പരസ്യബോർഡുകൾ നിലം പതിച്ചതിനെ തുടർന്നായിരുന്നു.
നിരത്തുവക്കിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് കേരള മുനിസിപാലിറ്റി ആക്ട് നിരവധി ചട്ടങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ബോർഡ് സ്ഥാപിക്കുന്നതിന്റെ ലൊക്കേഷൻ, പ്ലാൻ, എഗ്രിമെന്റ്, സ്‌ട്രെക്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്, ബോർഡ് സ്ഥാപിക്കുന്ന സ്ഥലം, സ്വകാര്യ സ്ഥലമെങ്കിൽ ഉടമസ്ഥന്റെയും പൊതുസ്ഥലമാണെങ്കിൽ അതത് വകുപ്പുകളുടെയും സമ്മതപത്രം, ഇൻഷ്വറൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകി അനുമതി വാങ്ങിയിരിക്കണം. നിയമവിധേയമല്ലാതെ ബോർഡുകൾ സ്ഥാപിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും സർക്കാർ വിജ്ഞാപനത്തിൽ മുന്നറിയിപ്പ്
നൽകുന്നു.
പരസ്യബോർഡുകൾക്ക് കാലാവധി നിശ്ചയിച്ചിട്ടുണ്ട്. ആ തീയതിക്കകം അവ നീക്കണമെന്ന ഉത്തരവുമുണ്ട്. തീയതി വെച്ചുള്ള സമ്മേളനങ്ങളുടെയും മറ്റു പരിപാടികളുടെയും ബോർഡുകളുടെയും ബാനറുകളുടെയും സമയപരിധി പരിപാടി അവസാനിക്കുന്ന തീയതിയാണ്. അല്ലാത്ത സ്ഥാപന പരസ്യങ്ങളുടെ കാലാവധി 90 ദിവസവും. കാലാവധി അവസാനിച്ചാൽ ബോർഡുകളും ബാനറുകളും അത് സ്ഥാപിച്ചവർ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണം. നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അവരിൽ നിന്ന് പിഴ ഈടാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കാം. പരസ്യബോർഡുകൾ സുരക്ഷിതമാണോ എന്നറിയാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടക്കിടെ പരിശേധന നടത്തണമെന്ന കോടതി ഉത്തരവുമുണ്ട്.
നിരത്തുകളിലെ പരസ്യബോർഡുകളുടെ കാര്യത്തിൽ കോടതികളും മനുഷ്യാവകാശ കമ്മീഷനും പലപ്പോഴും ഇടപെട്ടതാണ്. പൊതുയിടങ്ങളിലെ ബോർഡുകൾ പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കുമെന്നും കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി തദ്ദേശസ്ഥാപനങ്ങൾക്ക് പ്രത്യേക സമിതി രൂപവത്കരിക്കാമെന്നും എതിർപ്പുകളോ ഭീഷണികളോ ഉണ്ടായാൽ പോലീസ് സഹായം തേടാമെന്നും കോടതി നിർദേശിച്ചു.
പരസ്യബോർഡുകൾക്കെതിരെയുള്ള പരാതികൾക്ക് പരിഹാരം കാണാൻ സ്ഥിരംസമിതി രൂപവത്കരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ നിർദേശം. നഗരസഭ, പോലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സമിതിയാണ് കമ്മീഷൻ
നിർദേശിച്ചത്.
എന്നാൽ കോടതിയുടെയോ മനുഷ്യാവകാശ കമ്മീഷന്റെയോ ഉത്തരവുകളോ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള മുനിസിപാലിറ്റി ആക്ട് വ്യവസ്ഥകളോ പാലിക്കുന്നില്ല പലരും. ഇവർക്കെതിരെ തദ്ദശേസ്ഥാപനങ്ങൾ നടപടി സ്വീകരിക്കാറുമില്ല. രാഷ്ട്രീയ ബന്ധമുൾപ്പെടെ ഉന്നതങ്ങളിലുള്ള സ്വാധീനമായിരിക്കും കാരണം. നിയമനിർമാതാക്കൾ തന്നെ നിയമലംഘനത്തിന് കൂട്ടൂനിൽക്കുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയതു പോലെ ഭരണകൂടത്തിന്റെ സഹകരണവും സഹായവുമില്ലാതെ ഇത്തരം കാര്യങ്ങളിൽ കോടതിക്ക് ഒന്നും ചെയ്യാനാകില്ല.